ബ്രിസ്റ്റോൾ: െഎ.സി.സി വനിത ലോകകപ്പ് ടൂർണമെൻറിൽ സെമി ഉറപ്പിക്കാൻ ഇന്ത്യ ഇന്ന് ആസ്ട്രേലിയക്കെതിരെ. ഗ്രൂപ് റൗണ്ടിലെ ആദ്യ നാലു കളിയും ജയിച്ച് കുതിച്ചവർ ദക്ഷിണാഫ്രിക്കയോട് വഴങ്ങിയ തോൽവിയുടെ നിരാശയിലാണ് ഇന്ന് നിലവിലെ ചാമ്പ്യന്മാർക്കെതിരെ ഇറങ്ങുന്നത്. അഞ്ചു കളിയിൽ നാലു ജയവും ഒരു തോൽവിയും വഴങ്ങിയ ഇരുവർക്കും ഇന്ന് ജയിച്ചാൽ സെമി ഉറപ്പ്. ഇതേ അവസ്ഥയിലുള്ള ഇംഗ്ലണ്ടിന് ന്യൂസിലൻഡാണ് എതിരാളി. എട്ടു ടീമുകൾ മത്സരിക്കുന്ന ഗ്രൂപ് റൗണ്ടിൽനിന്ന് ആദ്യ നാലു സ്ഥാനക്കാർക്കാണ് സെമി പ്രവേശം.
നേരേത്ത, ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ്, പാകിസ്താൻ, ശ്രീലങ്ക എന്നിവരെ വീഴ്ത്തിയ ഇന്ത്യയെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്ക 115 റൺസിന് കീഴടക്കുകയായിരുന്നു. ഇന്ത്യയെപ്പോലെതന്നെ നാലു തുടർച്ചയായ മത്സരങ്ങൾ വിജയിച്ച ആസ്ട്രേലിയക്കും അഞ്ചാം മത്സരത്തിൽ തോൽവി നേരിട്ടിരുന്നു. ഇംഗ്ലണ്ടാണ് ആസ്ട്രേലിയയെ മുട്ടുകുത്തിച്ചത്. ടൂർണമെൻറിൽ ഇതുവരെ ആരും സെമിയുറപ്പിച്ചിട്ടില്ല.