ചെന്നൈ: മൂന്നാം മത്സരത്തിൽ വിൻഡീസിനെ ആറു വിക്കറ്റിന് തോൽപിച്ച് പരമ്പര തൂത്തുവാരി ഇന്ത്യ. വിൻഡീസ് ഉയർത്തിയ 181 റൺസ് ലക്ഷ്യം ശിഖർ ധവാനും (92) ഋഷഭ് പന്തും (58) ചേർന്ന് മറികടക്കുകയായിരുന്നു. അവസാനത്തിൽ അനാവശ്യമായി വിക്കറ്റ് നഷ്ടമായതോടെ 20ാം ഒാവറിലെ അവസാന പന്തിലാണ് ഇന്ത്യ ജയിക്കുന്നത്.

കൂറ്റൻ ലക്ഷ്യത്തിലേക്ക് രോഹിത് ശർമയെ (4) മൂന്നാം ഒാവറിൽ നഷ്ടമായാണ് ഇന്ത്യയുടെ തുടക്കം. പതിയെ പിടിച്ചുനിൽക്കാൻ ശ്രമം നടത്തിയ ശിഖർ ധവാന് പിന്തുണ നൽകാതെ ലോകേഷ് രാഹുലും (17) മടങ്ങിയതോടെ ഇന്ത്യ അൽപമൊന്ന് പരുങ്ങി. എന്നാൽ, ധവാന് ഋഷഭ് പന്ത് കൂട്ടിനെത്തിയതോടെ കളിയുടെ ഒഴുക്ക് മാറി. ഇരുവരും വിൻഡീസ് ബൗളർമാരെ പ്രഹരിച്ചതോടെ, ഇന്ത്യ എളുപ്പം ജയിക്കുമെന്ന് തോന്നിച്ചു. അർധസെഞ്ച്വറിയുമായി മൂന്നാം വിക്കറ്റിൽ ധവാൻ-പന്ത് കൂട്ടുകെട്ട് 130 റൺസൊരുക്കി.

എന്നാൽ, 19ാം ഒാവറിൽ പന്ത് (58) പുറത്തായി. അവസാന ഒാവറിൽ ജയിക്കാൻ അഞ്ചു റൺസ്. ഫാബിയാൻ അലെൻ എറിഞ്ഞ ഒാവറിലെ അഞ്ചാം പന്തിൽ ധവാനെ (92) നഷ്ടമായതോടെ വീണ്ടും സമ്മർദമേറി. ഒടുവിൽ അവസാന പന്തിൽ മനീഷ് പാണ്ഡെ (4) ഇന്ത്യയെ ജയിപ്പിക്കുകയായിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിൻഡീസ് പുറത്താകാതെ ബാറ്റുവീശിയ നികോളസ് പുരാെൻറയും (53) ഡാരൻ ബ്രാവോയുടെയും (43) മികവിലാണ് മികച്ച സ്കോറിലേക്കെത്തിയത്.

ഒാപണർമാരായ ഷെയ്ഹോപ്പും (24) ഷിംറോൺ ഹെറ്റ്മെയറും (26) നല്ല തുടക്കമാണ് സന്ദർശകർക്ക് നൽകിയത്. 51 റൺസിെൻറ പാർട്ണർഷിപ് പൊളിച്ച് യുസ്വേന്ദ്ര ചഹൽ ഇന്ത്യക്ക് ആദ്യ വിക്കറ്റൊരുക്കി. പിന്നാലെ ഹെറ്റ്െമയറെയും (26) പുറത്താക്കി ചഹൽ വീണ്ടും തിളങ്ങി. ഇതോെട വിൻഡീസിെൻറ സ്കോറിങ്ങിന് വേഗം കുറഞ്ഞു. ക്രീസിലെത്തിയ ദിനേശ് രാംദിനെ കൂട്ടുപിടിച്ച് ഡാരൻ ബ്രാവോ (43) പതുക്കെ സ്കോർ ഉയർത്തി.
നിലയുറപ്പിക്കുന്നതിനു മുേമ്പ വിക്കറ്റ് കീപ്പർ രാംദിനെ (15) വാഷിങ്ടൺ സുന്ദർ പറഞ്ഞയച്ചെങ്കിലും ഇന്ത്യക്ക് പ്രതീക്ഷിക്കാൻ വകയുണ്ടായില്ല. ക്രീസിലെത്തിയ നികോളസ് പുരാൻ (53) ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ചുപരത്തി. 25 പന്തിൽ താരം അടിച്ചുകൂട്ടിയത് 53 റൺസ്. നാലു വീതം സിക്സും ഫോറുമാണ് പുരാൻ അതിർത്തി കടത്തിയത്. രണ്ടു സിക്സും രണ്ടു ഫോറുമായി ബ്രാവോയും ഒപ്പംകൂടിയതോടെ വിൻഡീസ് സ്കോർ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 181 റൺസിലെത്തുകയായിരുന്നു.