പെർത്തിൽ ഞങ്ങൾ ജഡേജയെ മറന്നു; കുറ്റസമ്മതവുമായി കോഹ്ലി

14:05 PM
18/12/2018

പെർത്ത്: ആസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ വിശദീകരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇന്ത്യയുടെ സ്പിൻ ആയുധം രവീന്ദ്ര ജഡേജയെ മത്സരത്തിനിറക്കാത്തതിൽ കുറ്റബോധത്തോടെയാണ് കോഹ്ലി സംസാരിച്ചത്.

പെർത്തിലെ പിച്ചിൽ പേസ് ബൗളർമാരെ വെച്ച് ജയിക്കാമെന്നായിരുന്നു കോഹ്ലിയുടെയും പരിശീലകൻ രവി ശാസ്ത്രിയുടെയും ചിന്ത. ഇതിനായി നാല് പേസർമാരെ ടീമിൽ ഉൾപ്പെടുത്തി. എന്നാൽ എട്ട് ഇന്ത്യൻ വിക്കറ്റുകൾ വീഴ്ത്തി ഒാഫ് സ്പിന്നർ നഥാൻ ലിയോൺ ആസ്ട്രേലിയക്ക് വിജയം സമ്മാനിക്കുമ്പോൾ ഡ്രസിങ് റൂമിൽ നിരാശനായി ജഡേജയിരിക്കുന്നുണ്ടായിരുന്നു. 

പിച്ച് കണ്ടപ്പോൾ ഞങ്ങൾ രവീന്ദ്ര ജഡേജയുടെ ക്കുറിച്ച് ചിന്തിച്ചില്ല. നാല് പേസർമാർ മതിയെന്നായിരുന്നു ചിന്ത- 140 റൺസിൻെറ തോൽവി ഏറ്റു വാങ്ങിയതിന് പിന്നാലെ കോഹ്ലി മാധ്യമങ്ങളോട് പറഞ്ഞു.

നഥാൻ ലിയോൺ നന്നായി പന്തെറിഞ്ഞു. സത്യസന്ധമായി പറയട്ടെ, സ്പിൻ ഓപ്ഷനെക്കുറിച്ച് ഞങ്ങൾ ഒരിക്കലും ചിന്തിച്ചിട്ടില്ല. അടുത്ത മത്സരത്തിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്, വിജയിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു- കോഹ്ലി പറഞ്ഞു.

ആസ്ട്രേലിയ മികച്ച പ്രകടനം പുറത്തെടുത്തതായും അവർ ജയം അർഹിച്ചിരുന്നെന്നും കോഹ്ലി വ്യക്തമാക്കി. ജഡേജയെ കളിപ്പിക്കാത്ത തീരുമാനത്തിനെതിരെ നിരവധി ക്രിക്കറ്റ് ആരാധകർ സാമൂഹിക മാധ്യമങ്ങളിലൂടെ വിമർശനമുയർത്തിയിരുന്നു.
 

Loading...
COMMENTS