ഒറ്റക്കൈയിൽ പടുകൂറ്റൻ സിക്​സ്​; സ്​റ്റാറായി വിഷ്ണു- VIDEO

22:19 PM
17/11/2019

എടപ്പാൾ: പ്രതിസന്ധികളെ അതിർത്തിവര കടത്തിയ വട്ടംകുളം സ്വദേശി വിഷ്ണു സ്​റ്റാറായി. ദാറുൽ ഹിദായ പൂക്കരത്തറ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് ഒരു കൈ മാത്രമുള്ള വിഷ്ണു പടുകൂറ്റൻ സിക്സർ പറത്തുന്നത് സുഹൃത്തുക്കൾ വിഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പോസ്​റ്റ്​ ചെയ്യുന്നത്. ആരെയും അമ്പരപ്പിക്കുന്ന പ്രകടനം നിമിഷങ്ങൾക്കകം വൈറലായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഷ്ണുവിനെ അഭിനന്ദിച്ച് ഫേസ്​ബുക്കിൽ പോസ്​റ്റിട്ടു. 

നാലാം വയസ്സിലുണ്ടായ അപകടത്തിലാണ് ഇടംകൈ നഷ്​ടപ്പെടുന്നത്. പക്ഷേ, മനക്കരുത്തി​​െൻറ പിൻബലത്തിൽ ജീവിതത്തോട് പൊരുതാനുറച്ച വിഷ്ണു ഇടതുകൈയുടെ കരുത്തുകൂടി വലതുകൈക്ക് നൽകി. ഭിന്നശേഷിക്കാരനാണെന്ന ധാരണ വെടിഞ്ഞ് ഇരുകൈയുമുള്ളവർക്കൊപ്പം എല്ലാ കായിക- കലാമത്സരങ്ങളിലും പങ്കെടുത്തു. സ്കൂൾതലം മുതൽ ക്രിക്കറ്റ്, കബഡി, ഫുട്ബാൾ തുടങ്ങിയ ഇനങ്ങളിൽ പങ്കെടുത്ത് വിജയം കൈമുതലാക്കി. 

പൊതുപ്രവർത്തന രംഗത്തും സജീവമായ വിഷ്ണു കെ.എസ്.യു വട്ടംകുളം മണ്ഡലം പ്രസിഡൻറ്​ കൂടിയാണ്. ഡിസംബറിൽ കോഴിക്കോട്ട്​ നടക്കുന്ന ഭിന്നശേഷിക്കാരുടെ സംസ്ഥാന ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ്. പടിഞ്ഞാറങ്ങാടി മൈനോറിറ്റി കോളജ് രണ്ടാം വർഷ ബി.കോം വിദ്യാർഥിയാണ്.
 

Loading...
COMMENTS