രവി ശാസ്ത്രീ തുടരണമെന്ന കോഹ്ലിയുടെ അഭിപ്രായം തങ്ങളെ ബാധിക്കില്ല- സി.എ.സി

15:27 PM
31/07/2019
virat-kohli-ravi-shastri

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ കോച്ചിനെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയയെ തുറന്ന മനസ്സോടെ സി.എ.സി സമീപിക്കുമെന്ന് മുൻ ഇന്ത്യൻ പരിശീലകനും ബി.സി.സി.ഐ ക്രിക്കറ്റ് ഉപദേശക സമിതി അംഗവുമായ അൻഷുമാൻ ഗെയ്ക് വാദ്. രവി ശാസ്ത്രി മുഖ്യ പരിശീലകനായി തുടരണമെന്ന ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ അഭിപ്രായം തങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ക്യാപ്റ്റന് എന്തും പറയാൻ കഴിയും. അത് ഞങ്ങളെ അലട്ടുന്നില്ല. ക്യാപ്റ്റൻെറ അഭിപ്രായങ്ങൾ സമിതിയുടെ സമീപനത്തെ യാതൊരു തരത്തിലും ബാധിക്കില്ല. ഇതെല്ലാം ബി.സി.സി.ഐ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കുന്നു. ബി.സി.സി.ഐ ഞങ്ങൾക്ക് നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് മുന്നോട്ട് പോകും.  ഞങ്ങൾ വനിതാ ടീം പരിശീലകനെ തിരഞ്ഞെടുത്തപ്പോൾ ആരുമായും ബന്ധപ്പെട്ടിട്ടില്ലായിരുന്നു. ഞങ്ങൾ സ്വന്തമായി തീരുമാനിച്ചു. തുറന്ന മനസ്സോടെയാണ് പോകുന്നത്. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും ധാരാളം ആളുകൾ അപേക്ഷിച്ചിട്ടുണ്ട്. താരങ്ങളെ മാനേജ് ചെയ്യുക, ആസൂത്രണം, സാങ്കേതിക വൈദഗ്ദ്ധ്യം എന്നിവക്കാണ് തങ്ങൾ പ്രധാന്യം നൽകുന്നത്. ഒരു പരിശീലകന് വിജയിക്കാൻ ഈ മൂന്ന് കാര്യങ്ങളും പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

രവി ശാസ്ത്രി തുടരുകയാണെങ്കിൽ ഇന്ത്യൻ ടീം സന്തുഷ്ടരാകുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി പറഞ്ഞതിന് പിന്നാലെയാണ് ഗെയ്ക്ക്വാദിൻെറ പരാമർശം. സി‌.എ.സി ഇതുവരെ എന്നെ ബന്ധപ്പെട്ടിട്ടില്ല. അവർക്ക് എന്റെ അഭിപ്രായം ആവശ്യമാണെങ്കിൽ ഞാൻ അവരോട് സംസാരിക്കും. രവി ഭായി തുടരുകയാണെങ്കിൽ ഞങ്ങൾ തീർച്ചയായും വളരെ സന്തോഷിക്കും. പക്ഷെ എന്നെ അവരാരും ബന്ധപ്പെട്ടിട്ടില്ല- വെസ്റ്റ് ഇൻഡീസ് പര്യടനത്തിനായി ടീം ഇന്ത്യ യു.എസിലേക്ക് പോകുന്നതിനുമുമ്പായിരുന്നു കോഹ്‌ലി ഇക്കാര്യം പറഞ്ഞത്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി ഹെഡ് കോച്ച്, മറ്റ് സപ്പോർട്ട് സ്റ്റാഫ് തസ്തികകളിൽ അഭിമുഖം നടത്താൻ ബി.സി.സി.ഐ കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെ ആണ് നിയോഗിച്ചത്.ലാൽചന്ദ് രജപുത്, റോബിൻ സിംഗ്,  സൺറൈസേഴ്‌സ് ഹൈദരാബാദ്  മുൻ കോച്ച് ടോം മൂഡി, ന്യൂസിലൻഡ് മുൻ കോച്ച് മൈക്ക് ഹെസ്സൺ എന്നിവരും പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Loading...
COMMENTS