മുംബൈ: പുൽവാമ ആക്രമണത്തിൻെറ പശ്ചാത്തലത്തിൽ ലോകകപ്പിലെ ഇന്ത്യാ-പാക് മത്സരത്തിൽ മൗനം വെടിഞ്ഞ് ഇന്ത്യൻ നായകൻ വ ിരാട് കോഹ്ലി. കേന്ദ്ര സർക്കാറും ബി.സി.സി.ഐയും തീരുമാനിക്കുന്നത് തങ്ങൾ നടപ്പിലാക്കുമെന്ന് കോഹ്ലി വ്യക്തമാക്കി. ആസ്ട്രേലിയക്കെതിരായ ട്വൻറി 20 പരമ്പരക്ക് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിലാണ് കോഹ്ലി ഇക്കാര്യം അറിയിച്ചത്.
പുൽവാമ ആക്രമണത്തിൽ ജീവൻ നഷ്ടമായ സി.ആർ.പി.എഫ് ഭടന്മാരുടെ കുടുംബങ്ങൾക്ക് ഞങ്ങൾ ആത്മാർഥമായ അനുശോചനം രേഖപ്പെടുത്തുന്നു. പാകിസ്താനെതിരെ കളിക്കുന്ന കാര്യത്തിൽ രാജ്യത്തിൻെറയും ബി.സി.സി.ഐയുടെയും തീരുമാനത്തോടൊപ്പം ടീം നിലകൊള്ളും. ഞങ്ങൾ ആ തീരുമാനത്തെ ബഹുമാനിക്കും- കോഹ്ലി പറഞു. കോച്ച് രവിശാസ്ത്രി ഇതേ അഭിപ്രായമാണ് നേരത്തേ പങ്കു വെച്ചത്.
പാകിസ്താനെതിരെ മത്സരിക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ ക്രിക്കറ്റ് ലോകം രണ്ട് തട്ടിലാണ്. സചിൻ ടെണ്ടുൽക്കർ, സുനിൽ ഗവാസ്കർ എന്നിവർ പാകിസ്താനെതിരെ കളിക്കണമെന്ന പക്ഷക്കാരാണ്. ലോകകപ്പിൽ പാകിസ്താന് നിർണായകമായ രണ്ട് പോയൻറ് സംഭാവന നൽകരുതെന്നും അവരെ കളത്തിൽ തോൽപിക്കുകയാണ് വേണ്ടതെന്നുമാണ് ഇരുവരുടെയും നിലപാട്.