ന്യൂഡൽഹി: ഫിറോസ്ഷാ കോട്ലയിലെ ബാറ്റിങ് പറുദീസയിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഒാപണർ മുരളി വിജയിയും നിറഞ്ഞാടിയപ്പോൾ ശ്രീലങ്കക്കെതിരായ അവസാന ടെസ്റ്റിെൻറ ആദ്യ ദിനം ഇന്ത്യക്ക് മികച്ച സ്കോർ. ഇരുതാരങ്ങളുടെയും സെഞ്ച്വറി മികവിൽ നാല് വിക്കറ്റിന് 371 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. 156 റൺസുമായി പുറത്താവാതെ നിൽക്കുന്ന കോഹ്ലിയും 155 റൺസെടുത്ത വിജയിയും ചേർന്ന് മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 283 റൺസാണ് ഇന്നിങ്സിന് അടിത്തറ പാകിയത്. ശിഖർ ധവാൻ (23), ചേതേശ്വർ പൂജാര (23), അജിൻക്യ രഹാനെ (ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാന്മാർ. രോഹിത് ശർമയാണ് (ആറ്) കോഹ്ലിക്കൊപ്പം ക്രീസിലുള്ളത്.
കോഹ്ലിയുടെ ടെസ്റ്റ് കരിയറിലെ 20ാമത്തെയും വിജയിെൻറ 11ാമത്തെയും ശതകങ്ങളാണ് ഫിറോസ്ഷാ കോട്ലയിൽ പിറന്നത്. പരമ്പരയിൽ കോഹ്ലിയുടെ തുടർച്ചയായ മൂന്നാമത്തെയും വിജയിെൻറ രണ്ടാമത്തെയും ശതകമാണിത്. കോഹ്ലി 16 ബൗണ്ടറികൾ പായിച്ചപ്പോൾ വിജയ് 13 തവണ പന്ത് അതിർത്തി കടത്തി. പതിവുപോലെ മൈതാനത്തിെൻറ എല്ലാ ഭാഗത്തേക്കും അനായാസം പന്തുപായിക്കുന്നതിൽ കോഹ്ലി വിജയം കണ്ടപ്പോൾ മനോഹരമായ കട്ട്ഷോട്ടുകളിലൂടെയാണ് വിജയ് പ്രധാനമായും സ്കോറുയർത്തിയത്.
ധവാനും പൂജാരയും നല്ല തുടക്കത്തിനുശേഷം സ്കോറുയർത്താനുള്ള ശ്രമത്തിനിടെ മടങ്ങുകയായിരുന്നു. ധവാൻ ദിൽരുവാൻ പെേരരയെ സ്വീപ് ചെയ്യാനുള്ള ശ്രമത്തിൽ സുരംഗ ലക്മലിന് പിടികൊടുത്തപ്പോൾ പൂജാരയെ ലാഹിരു ഗമാഗെ ലെഗ് സ്ലിപ്പിൽ സുധീര സമരവിക്രമയുടെ കൈയിലെത്തിച്ചു. സമരവിക്രമ പിന്നീട് ഷോർട്ട്ലെഗിൽ ഫീൽഡ് ചെയ്യവെ തലയിൽ പന്തുതട്ടി പരിക്കേറ്റ് മടങ്ങി. ആദ്യദിനം കളി അവസാനിക്കാനിരിക്കെ ചൈനാമാൻ ബൗളർ ലക്ഷൻ സൻഡകനാണ് ഇരട്ട പ്രഹരവുമായി സന്ദർശകർക്ക് ആശ്വസിക്കാൻ അൽപമെങ്കിലും വക നൽകിയത്. വിജയിയെയും രഹാനെയെയും സൻഡകെൻറ പന്തിൽ നിരോഷൻ ഡിക്വെല്ല സ്റ്റംപ് ചെയ്യുകയായിരുന്നു. തുടർച്ചയായ മൂന്നാം മത്സരത്തിലും ചെറിയ സ്കോറിന് പുറത്തായ രഹാനെക്ക് ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുമുമ്പ് ഫോം കണ്ടെത്താനുള്ള അവസരം നഷ്ടമായി.
കോഹ്ലി 5,000 ക്ലബിൽ
- ഇൗ നേട്ടം കൈവരിക്കുന്ന 11ാമത് ഇന്ത്യൻ ബാറ്റ്സ്മാൻ
- കുറഞ്ഞ ഇന്നിങ്സിൽ 5,000ലെത്തിയ നാലാമത് ഇന്ത്യൻ താരം; മുന്നിൽ സുനിൽ ഗാവസ്കർ (95), വീരേന്ദർ സെവാഗ് (99), സചിൻ ടെണ്ടുൽക്കർ (103)
- കുറഞ്ഞ ഇന്നിങ്സിൽ 20 സെഞ്ച്വറി തികച്ച താരം; മുന്നിൽ ഡോണൾഡ് ബ്രാഡ്മാൻ (55), സുനിൽ ഗാവസ്കർ (93), മാത്യു ഹെയ്ഡൻ (95) സ്റ്റീവൻ സ്മിത്ത് (99)
- ക്യാപ്റ്റനായ ശേഷം കുറഞ്ഞ ഇന്നിങ്സിൽ 3,000ത്തിലെത്തിയ താരം; മുന്നിൽ ബ്രാഡ്മാൻ (37), മഹേല ജയവർധനെ (48), ഗ്രഹാം ഗൂച്ച് (49). സ്മിത്ത് (50) കോഹ്ലിക്കൊപ്പമുണ്ട്.
- മൂന്ന് ടെസ്റ്റ് പരമ്പരയിലെ എല്ലാ ടെസ്റ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ക്യാപ്റ്റൻ