ട്വൻറി20 റാങ്കിങ്: കോഹ്ലിയും ബുംറയും ഒന്നാം സ്ഥാനം നിലനിർത്തി
text_fieldsദുബൈ: ട്വൻറി20 പുതിയ റാങ്കിൽ ഒന്നാം സ്ഥാനം കൈവിടാതെ വിരാട് കോഹ്ലിയും ജസ്പ്രീത് ബുംറയും. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ 104 റൺസുമായി മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ച കോഹ്ലി ഒന്നാം സ്ഥാനം (824 പോയൻറ്) നിലനിർത്തിയപ്പോൾ രോഹിത് ശർമയും ശിഖർ ധവാനും നില മെച്ചപ്പെടുത്തി. 784 പോയൻറുമായി ആസ്േട്രലിയയുടെ ആരോൺ ഫിഞ്ചാണ് കോഹ്ലിക്കു പിറകെ രണ്ടാം സ്ഥാനത്തുള്ളത്.
പരമ്പരയിൽ 93 റൺസ് നേടിയ രോഹിത് ശർമ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി 21ലേക്കെത്തിയപ്പോൾ 87 റൺസെടുത്ത ധവാൻ 20 സ്ഥാനം മെച്ചപ്പെടുത്തി 45ാം റാങ്കിലേക്കെത്തി. പരമ്പരയിലെ താരമായ ബുംറ 724 പോയൻറുമായാണ് ബൗളർമാരിൽ ഒന്നാം സ്ഥാനം നിലനിർത്തിയത്. ഭുവനേശ്വർ കുമാർ രണ്ടു സ്ഥാനം മെച്ചപ്പെടുത്തി 26ലേക്കും സ്പിന്നർ യുസ്വേന്ദ്ര ചഹൽ 22 സ്ഥാനം മെച്ചപ്പെടുത്തി 30ലേക്കുമെത്തി. പരമ്പര 2-1ന് കൈക്കലാക്കിയെങ്കിലും അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയുടെ (119) റാങ്കിൽ മാറ്റമില്ല. 124 പോയൻറുള്ള പാകിസ്താനാണ് ഒന്നാം സ്ഥാനത്ത്.
