ധോണിയുടെ വിരമിക്കൽ; ട്വീറ്റിന് വിശദീകരണവുമായി കോഹ്​ലി

18:53 PM
14/09/2019
dhoni-and-kohli-140919.jpg

ധർമശാല: മഹേന്ദ്ര സിങ് ധോണിയുടെ വിരമിക്കലിനെ കുറിച്ച് അഭ്യൂഹങ്ങൾ വ്യാപകമായ സാഹചര്യത്തിൽ വിശദീകരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്​ലി. ധോണിക്ക് ആദരവ് അർപ്പിച്ച് വ്യാഴാഴ്ച കോഹ്​ലി ഇരുവരും ഒരുമിച്ചുള്ള പഴയൊരു ഫോട്ടോ ട്വീറ്റ് ചെയ്തിരുന്നു. ഇതേതുടർന്നാണ് ധോണി വിരമിക്കുകയാണെന്ന അഭ്യൂഹം ശക്തമായത്. 

2016ലെ ലോക ട്വന്‍റി20 ചാമ്പ്യൻഷിപ്പിൽ ആസ്ട്രേലിയക്കെതിരായ മത്സരത്തിൽ ധോണിക്ക് ഒപ്പമുള്ള വിജയനിമിഷമാണ് കോഹ്​ലി വ്യാഴാഴ്ച ട്വീറ്റ് ചെയ്തത്. 'ഒരിക്കലും മറക്കാനാവാത്ത മത്സരമായിരുന്നു അത്. എന്നെ കായികക്ഷമതാ പരീക്ഷക്കെന്ന പോലെ ഓടാൻ പഠിപ്പിച്ചത് ഈ മനുഷ്യനാണ്' എന്ന് ധോണിയെ കുറിച്ച് എഴുതുകയും ചെയ്തു. 

ഇതോടെ ധോണി വിരമിക്കുകയാണെന്ന വാർത്ത പരന്നു. വിരമിക്കലിന്‍റെ മുന്നോടിയായാണ് കോഹ്​ലിയുടെ ട്വീറ്റെന്നും വിലയിരുത്തലുണ്ടായി. തുടർന്നാണ് കോഹ്​ലി തന്നെ വിശദീകരണം നൽകിയത്. 

താൻ ഒന്നും ഉദ്ദേശിച്ചല്ല അങ്ങനെ ട്വീറ്റ് ചെയ്തതെന്നാണ് കോഹ്​ലിയുടെ വിശദീകരണം. വീട്ടിൽ വെറുതേയിരുന്നപ്പോൾ മറ്റൊന്നുമാലോചിക്കാതെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതാണ്. ഇപ്പോൾ അതൊരു വാർത്തയായി -കോഹ്​ലി പറഞ്ഞു. 

ആസ്ട്രേലിയക്കെതിരായ ആ മത്സരം താൻ എപ്പോഴും ഓർക്കുന്ന ഒന്നാണ്. എല്ലാവരും താൻ ചിന്തിക്കുന്ന പോലെയല്ല ചിന്തിക്കുന്നത് എന്ന കാര്യത്തിൽ തനിക്കിതൊരു പാഠമാണെന്നും കോഹ്​ലി പറഞ്ഞു. 

Loading...
COMMENTS