പെർത്ത്: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ആസ്ട്രേലിയക്ക് 175 റൺസ് ലീഡ ്. മൂന്നാം ദിനം അവസാനിച്ചപ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 132 എന്ന നിലയിലാണ് ആതിഥേയർ. മാർകസ് ഹാരിസ് (20), ഷോൺ മാർഷ്(5), ട്രാവിസ് ഹെഡ് (19), പീറ്റർ ഹാൻഡ്സ്കോമ്പ് (13) എന്നിവരാണ് പുറത്തായത്. നായകൻ ടിം പെയ്നും (8) സ്റ്റാർ ബാറ്റ്സ്മാൻ ഉസ്മാൻ ഖാജയുമാണ് (41) ടീമിനെ നയിക്കുന്നത്.
ഒാസീസ് ഉയർത്തിയ ഒന്നാം ഇന്നിങ്സ് സ്കോറായ 326 റൺസ് പിന്തുടർന്ന ഇന്ത്യക്ക് ഒന്നാം ഇന്നിങ്സിൽ 283 റൺസേ എടുക്കാൻ കഴിഞ്ഞിരുന്നുള്ളൂ. അഞ്ച് വിക്കറ്റെടുത്ത ലയണിെൻറ മികവിൽ ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തെറിഞ്ഞ ഒാസീസ് 43 റൺസിെൻറ ലീഡാണ് സ്വന്തമാക്കിയത്.
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടെ കരുത്തിലായിരുന്നു ഇന്ത്യ 283 റൺസിലെത്തിയത്.
20ാം ടെസ്റ്റ് സെഞ്ച്വറിയാണ് കോഹ്ലി പെർത്തിൽ കുറിച്ചത്. നാലാമനായി ഇറങ്ങി ഏറ്റവും വേഗത്തിൽ 5000 റൺസ് നേടുന്ന താരമെന്ന റെക്കോർഡും കോഹ്ലി മറികടന്നു.
മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 172 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ നിരയിൽ കോഹ്ലിക്കൊഴികെ മറ്റാർക്കും തിളങ്ങാനായില്ല.