ബിർമിങ്ഹാം: ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വീണ്ടും പണി തന്ന് പരിക്ക്. പരിശീലനത്തിനിടെ കാൽവിരലിനു പരിേക്കറ്റ ഒാൾറൗണ്ടർ വിജയ് ശങ്കറാണ് ഏറ്റവും ഒടുവിൽ ലോകകപ്പ് ടീമിൽനിന്നു പുറത്തായത്. ഏകദിനത്തിൽ അരങ്ങേറ്റം കാത്തിരിക്കുന്ന കർണാടക ഒാപണർ മായങ്ക് അഗർവാളാണ് പകരക്കാരൻ.
ആസ്ട്രേലിയക്കെതിരായ മത്സരത്തിൽ പരിക്കേറ്റ ഒാപണർ ശിഖർ ധവാനാണ് ആദ്യം ടീമിൽനിന്നു പുറത്തായത്. കഴിഞ്ഞ വർഷം ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ അരങ്ങേറിയ അഗർവാളിന് ഇംഗ്ലണ്ടിൽ ഇന്ത്യ ‘എ’ക്കായി കാഴ്ചവെച്ച മികച്ച പ്രകടനമാണ് ടീമിലേക്ക് വാതിൽ തുറന്നത്.
ഋഷഭ് പന്ത് നാലാം നമ്പറിൽ പരാജയപ്പെടുകയാണെങ്കിൽ കെ.എൽ. രാഹുലിനെ തിരികെ നാലാം നമ്പറിൽ ഇറക്കാനും അഗർവാളിനെ ഒാപണറായി പരീക്ഷിക്കാനുമാകും ഇന്ത്യയുടെ ശ്രമം. പാകിസ്താനെതിരായ മത്സരത്തിൽ ആദ്യ പന്തിൽ വിക്കറ്റ് നേടിയെങ്കിലും വിജയ് ശങ്കറിന് പ്രതീക്ഷക്കൊത്ത് ഉയരാൻ സാധിച്ചിരുന്നില്ല.