വെറ്ററന്‍സ് പ്രീമിയര്‍ ലീഗ് നാളെ മുതല്‍
text_fieldsകല്‍പറ്റ: നാലാമത് കേരള വെറ്ററന്‍സ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ഫെബ്രുവരി 10 മുതല്‍ 12 വരെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കേരള ക്രിക്കറ്റ് ടീമിലെ ആദ്യകാല കളിക്കാരുടെ സംഘടനയായ കേരള വെറ്ററന്‍സ് ക്രിക്കറ്റ് അസോസിയേഷന്‍െറ ആഭിമുഖ്യത്തിലാണ് മത്സരങ്ങള്‍.‘ ബൈജൂസ് ദി ലേണിങ് ആപ് വി.പി.എല്‍ 2017’ എന്ന് പേരിട്ടിരിക്കുന്ന ടൂര്‍ണമെന്‍റ് പത്തിന് രാവിലെ എട്ടുമണിക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റ് ടി.സി. മാത്യു ഉദ്ഘാടനം ചെയ്യും. ട്വന്‍റി20 ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍.
രണ്ടു പൂളുകളായി ആറു ടീമുകളാണ് കളത്തിലിറങ്ങുന്നത്. പൂള്‍ ‘എ’യില്‍ മലബാര്‍ വാരിയേഴ്സ്, ജെ.കെ മലബാര്‍ ടൈഗേഴ്സ്, കൊച്ചി റോയല്‍സ് എന്നിവയും പൂള്‍ ‘ബി’യില്‍ അബ്സല്യൂട്ട് സോബേഴ്സ്, ട്രാവന്‍കൂര്‍ പാന്തേഴ്സ്, കൊച്ചിന്‍ മുത്തൂറ്റ് ടസ്കേഴ്സ് എന്നിവയും അണിനിരക്കും. ഓരോ ടീമിലും കോച്ചിനും ടീം ഉടമക്കും പുറമെ 16 അംഗങ്ങളുണ്ടാകും. ഓരോ ടീമിലും ഒരു ഐക്കണ്‍ താരവുമുണ്ടാകും. 40ന് മുകളില്‍ പ്രായമുള്ള കളിക്കാരാണ് ടൂര്‍ണമെന്‍റില്‍ പാഡണിഞ്ഞിറങ്ങുന്നത്.
മുന്‍ രഞ്ജി താരങ്ങളാണ് മിക്കവരും. ട്രാവന്‍കൂര്‍ പാന്തേഴ്സിനെ അനന്തപദ്മനാഭനും മലബാര്‍ വാരിയേഴ്സിനെ സുനില്‍ ഒയാസിസും കൊച്ചി റോയല്‍സിനെ അജയ് കുടുവയും നയിക്കും. കൊച്ചിന്‍ മുത്തൂറ്റ് ടസ്കേഴ്സിനെ ഫിറോസ് റഷീദും അബ്സല്യൂട്ട് സോബേഴ്സിനെ സുനില്‍കുമാറും നയിക്കും. വിനന്‍ ജി. നായരാണ് ജെ.കെ.എസ് മലബാര്‍ ടൈഗേഴ്സിന്‍െറ ക്യാപ്റ്റന്‍. പ്രഥമ സീസണില്‍ കൊച്ചി മുത്തൂറ്റ് ടസ്കേഴ്സ്് ജേതാക്കളായപ്പോള്‍ രണ്ടാം തവണ ട്രാവന്‍കൂര്‍ പാന്തേഴ്സിനായിരുന്നു കിരീടം. ജെ.കെ മലബാര്‍ ടൈഗേഴ്സാണ് നിലവിലെ ചാമ്പ്യന്മാര്‍.
കേരള ക്രിക്കറ്റ് അസോസിയേഷന്‍െറ പൂര്‍ണ സഹകരണത്തോടെയാണ് ലീഗ് സംഘടിപ്പിക്കുന്നത്. ടൂര്‍ണമെന്‍റിലൂടെ സമാഹരിക്കുന്ന പണം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പഴയകാല കളിക്കാരുടെ ചികിത്സ ചെലവിനായി വിനിയോഗിക്കും.
അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ട മലയാളി താരങ്ങളായ റോഹന്‍ എസ്. കുന്നുമ്മല്‍, ഡാരില്‍ എസ്. ഫെറാരിയോ, സിജോമോന്‍ ജോസഫ് എന്നിവരെ വെറ്ററന്‍സ് ക്രിക്കറ്റ് അസോസിയേഷന്‍െറ നേതൃത്വത്തില്‍ ആദരിക്കും. അസോസിയേഷന്‍ ഭാരവാഹികളായ രഞ്ജിത് തോമസ്, സുനില്‍കുമാര്‍, മുഹമ്മദ് നൗഫല്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
