1999ൽ മറ്റൊരു ഇടൈങ്കയൻ പേസർ സഹീർ ഖാനോടൊപ്പം ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിക്കുേമ്പാൾ ക്ലാസിക്കൽ ലെഫ്റ്റ് ആം ഫാസ്റ്റ് ബൗളർ എന്ന വിശേഷണമാണ് ആശിഷ് നെഹ്റ എന്ന 21കാരന് ചാർത്തപ്പെട്ടത്. എന്നാൽ, മികച്ച പേസിൽ പന്ത് സ്വിങ് ചെയ്യിക്കാനുള്ള അപാരമായ കഴിവിനൊപ്പം നിരന്തരം വിരുന്നെത്തിയ പരിക്കും ഫോമിലെ സ്ഥിരതയില്ലായ്മയും കൂടപ്പിറപ്പിനെപ്പോലെ വിട്ടുമാറാതെ കൂടെനിന്നപ്പോൾ 18 വർഷം നീണ്ട അന്താരാഷ്ട്ര കരിയറിൽ കേവലം 17 ടെസ്റ്റുകളും 120 ഏകദിനങ്ങളും മാത്രമേ ഡൽഹിക്കാരന് കളിക്കാനായുള്ളൂ. കരിയറിെൻറ അവസാന ഘട്ടത്തിൽ ട്വൻറി20 ഫോർമാറ്റിൽ കാഴ്ചവെച്ച മികച്ച ഫോമിെൻറ ബലത്തിൽ നീട്ടിക്കിട്ടിയ കരിയറിന് കളി പഠിച്ച ഫിറോസ്ഷാ കോട്ല മൈതാനത്തുതന്നെ ഇന്ന് അന്ത്യമാവുകയാണ്.
പഞ്ചദിനം 2004ലും ഏകദിനം 2011ലും മതിയാക്കിയശേഷം കുട്ടിക്രിക്കറ്റിൽ മാത്രമാണ് നെഹ്റ ഇന്ത്യൻ കുപ്പായമണിഞ്ഞിട്ടുള്ളത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ കാഴ്ചവെച്ച മികച്ച പ്രകടനങ്ങളുടെ ബലത്തിലാണ് താരം ഇടക്കിടെ ടീമിൽ മുഖംകാണിച്ചതും. 38ാം വയസ്സിെൻറ മൂപ്പിലും ഉൗർജസ്വലതയോടെ പന്തെറിഞ്ഞാവും നെഹ്റ വിടവാങ്ങുക.
ശരീരം പൂർണ ഫിറ്റല്ലാത്തപ്പോഴും ആസ്വദിച്ച് പന്തെറിയുന്ന ശൈലിയായിരുന്നു നെഹ്റക്കെന്നും. 2003ലെ ദക്ഷിണാഫ്രിക്ക ലോകകപ്പ് തന്നെ അതിെൻറ ഏറ്റവും വലിയ ഉദാഹരണം. ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനലിൽ 23 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റുകൾ പിഴുത നെഹ്റയുടെ ബലത്തിലാണ് ടീം ജയിച്ചുകയറിയത്. എന്നാൽ, സ്വിങ് ബൗളിങ്ങിെൻറ മനോഹാരിത മുഴുവൻ പുറത്തെടുത്ത മാസ്മരിക പ്രകടനത്തിനു പിന്നാലെ ഗ്രൗണ്ടിെൻറ വശത്ത് തളർന്നുവീണ നെഹ്റയെയായിരുന്നു കാണാനായത്.
2004ൽ കണങ്കാലിനേറ്റ പരിേക്കാടെ ടീമിന് പുറത്തായ നെഹ്റക്ക് അതോടെ ടീമിലെ സ്ഥിരം സ്ഥാനം നഷ്ടമായി. പിന്നീടൊരിക്കലും ടെസ്റ്റ് ടീമിൽ മടങ്ങിയെത്താനുമായില്ല. എന്നാൽ, ആഭ്യന്തര ക്രിക്കറ്റിലെയും െഎ.പി.എല്ലിലെയും ഭേദപ്പെട്ട പ്രകടനങ്ങളോടെ 2009ൽ ഏകദിന ടീമിൽ തിരിച്ചെത്തിയ നെഹ്റ ആ വർഷം 31ഉം 2010ൽ 29ഉം വിക്കറ്റുകളുമായി തിളക്കമാർന്ന ബൗളിങ് കാഴ്ചവെച്ചു.
ഇന്ത്യ ആതിഥ്യം വഹിച്ച 2011 ലോകകപ്പ് സെമിഫൈനലിൽ പാകിസ്താനെതിരെ ഗംഭീര ബൗളിങ് പുറത്തെടുത്ത നെഹ്റയെ പരിക്ക് വീണ്ടും ചതിച്ചപ്പോൾ ഫൈനലിൽ ഇറങ്ങാനായില്ല. അതിനുപിന്നാലെ ടീമിലെ ഇടം നഷ്ടമായ നെഹ്റ 2015 െഎ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനുവേണ്ടി കാഴ്ചവെച്ച സ്ഥിരതയാർന്ന പ്രകടനത്തിെൻറ ബലത്തിൽ നാലു വർഷത്തെ ഇടവേളക്കുശേഷം ഏകദിന ടീമിലെത്തി.
ആസ്ട്രേലിയയിലും ഏഷ്യ കപ്പിലും മികച്ച ബൗളിങ് കെട്ടഴിച്ച നെഹ്റ 2016ലെ ട്വൻറി20 ലോകകപ്പിലും തിളങ്ങി. കഴിഞ്ഞ െഎ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനുവേണ്ടി പന്തെറിയുന്നതിനിടെ കാൽമുട്ടിനേറ്റ പരിക്കാണ് കരിയർ മതിയാക്കുന്നതിനെ കുറിച്ചാലോചിക്കാൻ നെഹ്റയെ നിർബന്ധിതനാക്കിയത്.