ന്യൂഡല്‍ഹി: ശിപാർശകളിൽ വെള്ളം ചേര്‍ത്ത സുപ്രീംകോടതി നടപടിയില്‍ ജസ്റ്റിസ് ആർ.എം. ലോധ നിരാശ പ്രകടിപ്പിച്ചു. ബി.സി.സി.െഎയിലെ തിന്മകളെ ഉന്മൂലനം ചെയ്യാനായി തെൻറ നേതൃത്വത്തിലുള്ള കമ്മിറ്റി മുന്നോട്ടുവെച്ച ശിപാർശകൾ 2016 ജൂലൈ 18ന് സുപ്രീംകോടതി അംഗീകരിച്ചിരുന്നു. ഇപ്പോൾ പരിഷ്കാരങ്ങളിലെല്ലാം വെള്ളം ചേര്‍ക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി തന്നെ പുറപ്പെടുവിച്ച മുന്‍ ഉത്തരവില്‍ മാറ്റം വരുത്താന്‍ എന്തെല്ലാം നിയമ തത്ത്വങ്ങളാണ് അവര്‍ ഉപയോഗിച്ചതെന്ന് മുൻ ജഡ്ജിയും നിയമജ്ഞനുമെന്ന നിലയിൽ അറിയാൻ താൽപര്യമുണ്ട്. മുമ്പ് സുപ്രീംകോടതി തന്നെ അംഗീകരിച്ച നിര്‍ദേശങ്ങളില്‍ നിന്ന് ഇപ്പോള്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തിയെന്നതിനെ കുറിച്ചും ഈ ഉത്തരവ് നടപ്പാക്കുന്നതിനായി ഏതെല്ലാം നിയമതത്ത്വങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നതിനെ കുറിച്ചും അന്തിമ റിപ്പോര്‍ട്ട് പുറത്തിറങ്ങുന്ന അവസരത്തില്‍ വിശദമായി പരിശോധിക്കുമെന്ന് ജസ്റ്റിസ് ലോധ വ്യക്തമാക്കി.
ക്രിക്കറ്റിൽ സുതാര്യത കൊണ്ടുവരുന്നതിന് ജസ്റ്റിസ് ആർ.എം. ലോധ കമ്മിറ്റി സമർപ്പിച്ച ശിപാർശകൾ സുപ്രീംകോടതി വ്യാഴാഴ്ചയാണ് അട്ടിമറിച്ചത്. സംസ്ഥാനത്തിന് ഒരു വോട്ട് എന്ന ശിപാർശ അടക്കം റദ്ദാക്കി പുതിയ ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എ.എം. ഖൻവിൽകർ എന്നിവർ കൂടി അടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു. മോദി സർക്കാറിെൻറ എതിർപ്പ് അവഗണിച്ച് മുൻ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുർ പുറപ്പെടുവിച്ച ചരിത്രവിധി അപ്രസക്തമാക്കുന്നതാണ് പുതിയ ഇടപെടൽ.