ബംഗളൂരു: ധാക്കയിൽ നടക്കുന്ന അണ്ടർ-19 ഏഷ്യ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ മലയാളിയായ കർണാടക ഒാപണിങ് ബാറ്റ്സ്മാൻ ദേവദത്ത് പടിക്കലിനും ഇടം. കഴിഞ്ഞ ശ്രീലങ്കൻ പര്യടനത്തിലെ അണ്ടർ 19 ഇന്ത്യൻ ടീമിലും ദേവദത്ത് ഉൾപ്പെട്ടിരുന്നു.
സെപ്റ്റംബർ 29 മുതൽ നടക്കുന്ന ടൂർണമെൻറിൽ പുണെയുടെ പവൻ ഷായാണ് ഇന്ത്യൻ ടീമിെൻറ ക്യാപ്റ്റൻ.പാലക്കാട് ചിറ്റൂർ അണിക്കോട് കുന്നത്തുവീട്ടിൽ ബാബുനുവിെൻറയും മലപ്പുറം എടപ്പാൾ പടിക്കൽ കുടുംബാംഗം അമ്പിളിയുടെയും മകനായ ദേവദത്ത് ഇടങ്കയ്യൻ ബാറ്റ്സ്മാനാണ്.
കൂച്ച് െബഹർ ക്രിക്കറ്റ് ട്രോഫിയിൽ (അണ്ടർ 19) കർണാടകക്കായി 829 റൺസ് നേടി ശ്രദ്ധേയനായിരുന്നു. ഒമ്പതാം വയസ്സിൽ ഹൈദരാബാദിലെ ക്രിക്കറ്റ് അക്കാദമിയിലാണ് ആദ്യം പരിശീലനം ആരംഭിച്ചത്. പിന്നീട് കുടുംബം ബംഗളൂരുവിലേക്ക് മാറിയതോടെ കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ക്രിക്കറ്റിൽ പരിശീലനം തുടങ്ങി.
അണ്ടർ 14,16,19 ടീമിൽ ഇടം നേടിയിരുന്ന ദേവദത്ത് കഴിഞ്ഞവർഷം കർണാടക അണ്ടർ 19 ടീമിെൻറ വൈസ് ക്യാപ്റ്റനുമായി. ബംഗളൂരു സെൻറ് ജോസഫ് കോളജിലെ ബി.ബി.എ വിദ്യാർഥിയായ ദേവദത്ത് റൈറ്റ് ആം ഒാഫ് സ്പിന്നറുകൂടിയാണ്.