ട്വൻറി20 ക്രിക്കറ്റ് ലോകകപ്പ് നീട്ടുമെന്ന് ഓസീസ് നായകൻ
text_fieldsകാൻബറ: കോവിഡ് 19 ഭീതിയിൽ ഈ വർഷം നടക്കേണ്ട ട്വൻറി20 ക്രിക്കറ്റ് ലോകകപ്പ് നീട്ടിയേക്കുമെന്ന് ആസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ഒക്ടോബർ 18 മുതൽ നവംബർ 15 വരെ ആസ്ട്രേലിയയിൽ നടക്കേണ്ട ടൂർണമെൻറ് മൂന്ന് മാസത്തേ ക്ക് നീട്ടുമെന്നാണ് ഓസീസ് പരിമിത ഓവർ മത്സരങ്ങളിലെ നായകൻ കരുതുന്നത്.
മഹാമാരി നിയന്ത്രണവിധേയമായ ശേഷം കാണികളുടെ അഭാവത്തിൽ മത്സരങ്ങൾ നടത്തുന്നത് തന്നെയും ടീമിനെയും ബാധിക്കില്ലെന്നാണ് ഫിഞ്ചിൻെറ പക്ഷം. ‘ന്യൂസിലൻഡിനെതിരെ ഒരു ഏകദിനം ഞങ്ങൾ അങ്ങനെ കളിച്ചതാണ്. ആദ്യ നാലോ അഞ്ചോ ഓവറുകളിൽ അത് ബുദ്ധിമുട്ടായി തോന്നുമെങ്കിലും പിന്നീട് നമ്മൾ മത്സരത്തിൽ വ്യാപൃതരായി മാറും’- ഫിഞ്ച് പറഞ്ഞു.
ടൂർണമെൻറുകളുടെ ഭാവി സംബന്ധിച്ച് തീരുമാനമെടുക്കാൻ വ്യാഴാഴ്ച ഐ.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റി വീഡിയോ കോൺഫറൻസിങ്ങിലൂടെ യോഗം ചേരുന്നുണ്ട്.
