You are here
സഞ്ജുവിെൻറ അർധസെഞ്ച്വറി പാഴായി; തുടർജയം കൈവിട്ട് കേരളം
തിരുവനന്തപുരം: സഞ്ജു സാംസൺ ഫോമിലേക്ക് ഉയർന്നിട്ടും നിലവാരമില്ലാത്ത ബൗളിങ്ങിലൂടെ കേരളം സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വൻറി20യിൽ രാജസ്ഥാനോട് പരാജയപ്പെട്ടു. തുടർച്ചയായ നാലാം ജയം തേടി കാര്യവട്ടം ഗ്രീൻഫീൽഡ് ഗ്രൗണ്ടിലിറങ്ങിയ കേരളത്തിനായി തകർപ്പൻ അർധസെഞ്ച്വറിയുമായി സഞ്ജു സാംസൺ മിന്നിയെങ്കിലും രാജസ്ഥാെൻറ വെടിക്കെട്ട് ബാറ്റിങ് ആതിഥേയർക്ക് ഏഴ് വിക്കറ്റിെൻറ നാണംകെട്ട തോൽവി സമ്മാനിച്ചു.
സഞ്ജു സാംസൺ (39 പന്തിൽ 53), സച്ചിൻ ബേബി (29 പന്തിൽ 47) എന്നിവരുടെ കരുത്തിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ കേരളം പടുത്തുയർത്തിയ 164 റൺസ് 17 ഒാവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാൻ മറികടന്നു. അഞ്ച് മത്സരങ്ങളിൽ മൂന്ന് വിജയവുമായി ഗ്രൂപ് ബിയിൽ നാലാമതുള്ള കേരളത്തിെൻറ ടൂർണമെൻറിലെ ഭാവി പ്രതീക്ഷകളും ഇരുളടഞ്ഞു.
രാജേഷ് ബിഷ്നോയ് (51 പന്തിൽ 76 ), അർജിത് രമേശ് ഗുപ്ത (22 പന്തിൽ 44), അങ്കിത് സത്യവീർ ലാംബ (35) എന്നിവരാണ് രാജസ്ഥാന് അനായാസ ജയമൊരുക്കിയത്.