സയ്യിദ് മുഷ്താഖ് അലി ട്വൻറി-20: ജയിച്ചെങ്കിലും കേരളം പുറത്ത്

23:00 PM
17/11/2019
cricket-101019.jpg

തിരുവനന്തപുരം: നിനച്ചിരിക്കാതെ പെയ്ത പെരുമഴയുടെ കാരുണ്യത്തിൽ സയ്യിദ് മുഷ്താഖ് അലി ട്വൻറി-20 ക്രിക്കറ്റിൽ കേരളത്തിന് വിജയം. ഞായറാഴ്ച ഗ്രീൻഫീൽഡിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഉത്തർപ്രദേശിനെ മഴനിയമപ്രകാരം ഒരു റൺസിനാണ് തോൽപിച്ചത്. സ്കോർ: കേരളം- 118/8 (20 ഓവർ). ഉത്തർപ്രദേശ്- 42/4 (ഏഴ് ഓവർ).

വിജയിച്ചെങ്കിലും ടൂർണമ​െൻറിൽനിന്ന് കേരളം പുറത്തായി. 20 പോയൻറുമായി തമിഴ്നാടും 16 പോയൻറുമായി രാജസ്ഥാനുമാണ് ഗ്രൂപ്​ ബിയിൽനിന്ന് രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയത്. ആറ് കളികളിൽനിന്ന് നാല് വിജയവും രണ്ട് തോൽവിയുമായി വിദർഭ, രാജസ്ഥാൻ ടീമുകൾക്കൊപ്പം പിടിച്ചുനിന്നെങ്കിലും റൺ ശരാശരിയിൽ പിന്നിലായതാണ് ഉത്തപ്പക്കും കൂട്ടർക്കും തിരിച്ചടിയായത്. 

ഗ്രീൻഫീൽഡിൽ ടോസ് ലഭിച്ച കേരളം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, സഞ്ജു സാംസൺ (38) ഒഴികെയുള്ള താരങ്ങളെല്ലാം എതിരാളികളുെട ബൗളിന് നിരക്ക് മുന്നിൽ മുട്ടുമടക്കിയതോടെ നിശ്ചിത ഓവറിൽ 118 റൺസിന് കേരളം ബാറ്റ് താഴെ വെക്കുകയായിരുന്നു. അക്ഷയ് ചന്ദ്രൻ (18), മിഥുൻ (17), വിഷ്ണു വിനോദ് (13), സച്ചിൻ ബേബി (ഒന്ന്), റോബിൻ ഉത്തപ്പ (രണ്ട്), രോഹൻ കുന്നുമ്മേൽ (മൂന്ന്), എം.ഡി. നിധിഷ് (ആറ്) എന്നിവർക്കും സ്കോർ ബോർഡിൽ കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല. 14 റൺസുമായി ജലജ് സക്സേന പുറത്താകാതെ നിന്നു.
 
തുടർന്ന്, ബാറ്റിങ്ങിനിറങ്ങിയ ഉത്തർപ്രദേശ് ഏഴ് ഓവറിൽ നാലിന് 42 റൺസ് എന്ന നിലയിൽ നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി മഴ എത്തിയത്. മത്സരം തുടർന്നുനടത്താൻ കഴിയില്ലെന്ന് അമ്പയർമാർ അറിയിച്ചതോടെ മഴനിയമപ്രകാരം ഉത്തർപ്രദേശിന് ഏഴ് ഓവറിൽ വേണ്ടിയിരുന്നത് 43 റൺസായിരുന്നു. എന്നാൽ, ഒരു റൺസിന് പുറകിലായതോടെയാണ് കേരളം ടൂർണമ​െൻറിലെ നാലാം വിജയം ആഘോഷിച്ചത്. 

 


 

Loading...
COMMENTS