ന്യൂഡൽഹി: കോവിഡ് 19 വ്യാപനം മൂലം ഒക്ടോബറിൽ ആസ്ട്രേലിയയിൽ നടക്കേണ്ട ട്വൻറി20 ലോകകപ്പിൻെറ ഭാവി അനിശ്ചി തത്വത്തിലാണ്. എന്നാൽ ലോകകപ്പ് മുൻനിശ്ചയപ്രകാരം നടത്താൻ ഒരുഉപായം പങ്കുവെച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ നായ കൻ സുനിൽ ഗാവസ്കർ.
രാജ്യത്ത് കോവിഡ് വ്യാപനത്തിൽ നേരിയ കുറവ് കാണുന്നതിനാൽ ലോകകപ്പിൻെറ നടത്തിപ്പവകാശം ഇന്ത്യയും ആസ്ട്രേലിയയും പരസ്പരം വെച്ചുമാറാനാണ് ഗാവസ്കർ നിർദേശിച്ചത്. അടുത്ത വർഷം നടക്കേണ്ട പതിപ്പിന് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കേണ്ടത്.
ലോകകപ്പ് ഇന്ത്യയിലേക്ക് മാറ്റുകയാണെങ്കിൽ ടൂർണമെൻറിന് മുന്നോടിയായി സെപ്റ്റംബറിൽ ഐ.പിഎൽ നടത്താമെന്നും ഇത് കളിക്കാർക്ക് മികച്ച മുന്നൊരുക്കമാകും. ഇതിന് പിന്നാലെ ഡിസംബറിൽ യു.എ.ഇയിൽ വെച്ച് ഏഷ്യാ കപ്പ് നടത്താമെന്നും ഗാവസ്കർ ഇന്ത്യടുഡെയോട് വ്യക്തമാക്കി.
ഒക്ടോബർ 18 മുതൽ നവംബർ 15 വരെയായിരുന്നു ലോകകപ്പ് നടക്കേണ്ടത്. എന്നാൽ സുരക്ഷ മുൻകരുതലുകളുടെ ഭാഗമായി സെപ്റ്റംബർ 30 വരെ ആസ്ട്രേലിയ അതിർത്തികൾ അടച്ചിടുന്നതിനാലാണ് ലോകകപ്പിൻെറ കാര്യത്തിൽ അനിശ്ചിതത്വമുണ്ടായത്.