ന്യൂഡൽഹി: ലോകകപ്പിനൊരുങ്ങുന്ന വിരാട് കോഹ്ലിയുടെയും സംഘത്തിെൻറയും ബലഹീനത കൾ തുറന്നുകാണിച്ച് ഇന്ത്യൻ മണ്ണിൽനിന്ന് ട്വൻറി20, ഏകദിന പരമ്പരകളുമായി ആരോൺ ഫി ഞ്ചും സംഘവും മടങ്ങുന്നു. ഏകദിനത്തിലെ ‘ഫൈനലായി’ മാറിയ മത്സരത്തിൽ 35 റൺസിന് തോറ്റ ഇന്ത്യ പരമ്പര അടിയറവു പറഞ്ഞു. സ്വന്തം മണ്ണിൽ ഇന്ത്യയോട് ടെസ്റ്റും ഏകദിനവും തോറ്റ ഒാസീസ്, ഇവിടെയെത്തി ട്വൻറി20യും (2-1), ഏകദിനവും (3-2) ജയിച്ച് മധുരപ്രതികാരം പൂർത്തിയാക്കിയാണ് വിമാനംകയറുന്നത്. 2009നു ശേഷം ആദ്യമായാണ് ഒരു ഒാസീസ് ടീം ഇന്ത്യയിൽ ഏകദിന പരമ്പര സ്വന്തമാക്കുന്നത്.

നിർണായക മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഒാസീസ് ഒാപണർ ഉസ്മാൻ ഖ്വാജയുടെ (100)സെഞ്ച്വറി മികവിൽ ആസ്ട്രേലിയ ഒമ്പതുവിക്കറ്റ് നഷ്ടത്തിൽ 272 റൺസെടുത്തു. വിജയപ്രതീക്ഷയോടെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 237ൽ പുറത്തായി. കഴിഞ്ഞ രണ്ട് കളിയിലും മുന്നൂറിലേറെ സ്കോർ പിറന്നപ്പോൾ, ഫിറോസ് ഷാ കോട്ലയിൽ ഒാസീസിനെ 272ൽ ചുരുട്ടിക്കെട്ടിയ ബൗളർമാർ തങ്ങളുടെ ജോലി ഭംഗിയാക്കിയെങ്കിലും ബാറ്റ്സ്മാൻമാർ കളി മറന്നു. രോഹിത് ശർമയും (56) മധ്യനിരയിൽ കേദാർ ജാദവും (44) വാലറ്റത്ത് ഭുവനേശ്വർ കുമാറും (46) മാത്രമേ ഉത്തരവാദിത്തത്തോടെ ബാറ്റ് വീശിയുള്ളൂ. ശിഖർ ധവാൻ (12), വിരാട് കോഹ്ലി (20), വിജയ് ശങ്കർ (16), രവീന്ദ്ര ജദേജ (0) എന്നിവർ നിരാശപ്പെടുത്തിയതോടെ ഇന്ത്യൻ കീഴടങ്ങൽ പൂർണമായി. മറുപടി ഇന്നിങ്സിൽ ഒരിക്കൽപോലും നിലയുറപ്പിച്ച് കളിക്കാൻ ഇന്ത്യക്കായില്ല.

പരമ്പരയിൽ രണ്ടാം സെഞ്ച്വറി നേടിയ ഖ്വാജയാണ് ഒാസീസ് ഇന്നിങ്സിന് അടിത്തറ പാകിയത്. ഒാപണിങ്ങിൽ ആരോൺ ഫിഞ്ചിനൊപ്പം (27) അടിത്തറ കുറിച്ച ഖ്വാജ രണ്ടാം വിക്കറ്റിൽ പീറ്റർ ഹാൻഡ്സ്കോമ്പിനെ (50) കൂട്ടുനിർത്തി സ്കോർ മികച്ച നിലയിലെത്തിച്ചു. 30 ഒാവറിൽ ഒന്നിന് 170ലെത്തിയവർക്ക് പിന്നീട് എളുപ്പത്തിലാണ് വിക്കറ്റുകൾ നഷ്ടമായത്. െഗ്ലൻ മാക്സ്വെൽ (1), മാർകസ് സ്റ്റോയിണിസ് (20), ആഷ്ടൺ ടേണർ (20), അലക്സ് കാരി (3), ജെ റിച്ചാഡ്സൺ (29)എന്നിവർ വേഗത്തിൽ നഷ്ടമായി. ഇതോടെയാണ് സ്കോർ 272ലൊതുങ്ങിയത്. ഭുവനേശ്വർ മൂന്നും ഷമി, ജദേജ എന്നിവർ രണ്ടും വിക്കറ്റ് വീഴ്ത്തി.ലോകകപ്പിന് മുന്നോടിയായി ഇന്ത്യയുടെ മത്സരങ്ങളെല്ലാം ഇതോടെ പൂർത്തിയായി. ഇനി മാർച്ച് 23ന് െഎ.പി.എൽ മത്സരങ്ങൾക്ക് തുടക്കമാവും. അതിനിടയിൽ ലോകകപ്പിനുള്ള ടീമിനെയും പ്രഖ്യാപിക്കും.
