കാൻബറ: കോവിഡ്-19 മൂലം കായികരംഗത്തുള്ളവർേക്കറ്റ ‘പരിക്ക്’ ചില്ലറയല്ല. ലോകത്തെ ആ കമാനം ഭീതിയിലാഴ്ത്തി പടർന്ന് കൊണ്ടിരിക്കുന്ന മഹാമാരി കായിക താരങ്ങളുടെ വ്യക്തി ജീവിതത്തിലും ബാധിച്ചുതുടങ്ങി. ഒരുപിടി ആസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളുടെ വിവാഹങ്ങളാണ് കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ മാറ്റിവെക്കേണ്ടിവന്നത്.
ഒന്നും രണ്ടുമല്ല എട്ട് ഓസീസ് താരങ്ങളുടെ വിവാഹങ്ങളാണ് മാറ്റിവെക്കുന്നതെന്നതാണ് ആശ്ചര്യം. പുരുഷതാരങ്ങളായ ആദം സാംപ, ഡിആർസി ഷോട്ട്, ആൻഡ്രു ടൈ, അലിസ്റ്റർ മക്ഡെർമോട്ട്, ജാക്സൺ ബേഡ്, മിച്ചൽ സ്വപ്സൺ, വനിത താരങ്ങളായ കാറ്റ്ലിൻ ഫ്രെയെറ്റ്, ജെസ് ജൊനാസൻ എന്നിവരുടെ മംഗല്യങ്ങളാണ് നീട്ടേണ്ടി വരുക.കംഗാരുക്കളുടെ നാട്ടിലെ ക്രിക്കറ്റ് സീസണിെൻറ അവസാന കാലമായ ഏപ്രിലാണ് താരങ്ങളുടെ വിവാഹ സീസൺ. എന്നാൽ, രാജ്യത്ത് ഒത്തുചേരലുകൾക്കും പൊതുചടങ്ങുകൾക്കും നിയന്ത്രണം വരുത്തിയതിനാലാണ് വിവാഹം മാറ്റിവെക്കാൻ നിർബന്ധിതരായത്.
വിവാഹത്തിന് കാർമികത്വം വഹിക്കുന്നവരും സാക്ഷികളുമടക്കം അഞ്ചുപേർ മാത്രം ചടങ്ങിൽ പങ്കെടുത്താൽ മതിയെന്നാണ് നിർദേശം. ഇതോടൊപ്പം അടുത്തകാലത്ത് നിശ്ചയം കഴിഞ്ഞ ഗ്ലെൻ മാക്സ്വെലും പാറ്റ് കമ്മിൻസും തങ്ങളുടെ വിവാഹ പദ്ധതികൾ നീട്ടിവെച്ചേക്കും.