കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് ടീമിെൻറ തുടർതോൽവികൾ വിവാദമായതിനെ തുടർന്ന് രാജിവെക്കാൻ സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചു. സനത് ജയസൂര്യയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി രാജിസന്നദ്ധത അറിയിച്ചതായി ശ്രീലങ്കൻ കായിക മന്ത്രാലയം അറിയിച്ചു. കമ്മിറ്റി അംഗങ്ങളായ റൊമേഷ് കലുവിതരണ, രഞ്ജിത് മധുരസിങെ, അസാൻക ഗുരുസിങെ, എറിക് ഉപശാന്ത എന്നിവരും രാജിവെച്ചതായി അറിയിച്ചു. അഞ്ചുപേരും സംയുക്തമായി തയാറാക്കിയ കത്ത് കായിക മന്ത്രാലയത്തിന് കൈമാറി. ഇന്ത്യ-ശ്രീലങ്ക പരമ്പരക്ക് ശേഷമെ കമ്മിറ്റി സ്ഥാനമൊഴിയൂ.
ടീമിെൻറ മോശം ഫോം വിവാദമായതോടെ സെലക്ഷൻ കമ്മിറ്റി രാജിവെക്കണമെന്ന് ആവശ്യമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നാം ഏകദിനത്തിൽ കാണികൾ പ്രതിഷേധവുമായി കുപ്പിയേറ് നടത്തിയത്. ഇൗ സെലക്ഷൻ കമ്മിറ്റി അധികാരമേറ്റെടുത്ത ശേഷം 40 ഏകദിനങ്ങളാണ് ലങ്ക തോറ്റത്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര 3-0ന് സ്വന്തം നാട്ടിൽ അടിയറവെച്ച ലങ്ക മൂന്ന് ഏകദിന മത്സരങ്ങളിലും തോറ്റിരുന്നു. രണ്ട് മാസം മുമ്പ് സിംബാബ്വെയോടും ഏകദിന പരമ്പര തോറ്റിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെയും ബംഗ്ലാദേശിനെതിരെയും തോറ്റമ്പിയ ശ്രീലങ്കൻ ടീമിനെതിരെ അർജുന രണതുംഗ ഉൾപെടെയുള്ളവർ രംഗത്ത് വന്നിരുന്നു. ടീമിെൻറ തോൽവിയെ കുറിച്ച് ലങ്കൻ കായിക മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.