ലങ്കക്ക് ആശ്വാസ ജയം
text_fieldsകൊളംബോ: ന്യൂസിലൻഡിനെതിരായ ട്വൻറി20 പരമ്പരയിൽ ശ്രീലങ്കക്ക്ആശ്വാസ ജയം. അഞ്ചുവിക്കറ്റ് പിഴുത നായകൻ ലസിത് മലിംഗയാണ് ലങ്കയുടെ വിജയശിൽപി. ധനുഷ്ക ഗുണതിലക (30), നിരോഷൻ ഡിക്വെല്ല (24), ലഹിരു മധുശങ്ക (20), വനിൻഡു ഹസരങ്ക (14 നോട്ടൗട്ട്) എന്നിവരുടെ മികവിൽ ആദ്യം ബാറ്റുചെയ്ത ലങ്ക എട്ടുവിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് 16 ഒാവറിൽ 88 റൺസിന് പുറത്തായി. നാലോവറിൽ വെറും ആറുറൺസ് മാത്രം വഴങ്ങിയാണ് മലിംഗ അഞ്ചുവിക്കറ്റ് പിഴുതത്.
കിവീസ് ബാറ്റ്സ്മാൻമാരിൽ നായകൻ ടിം സൗത്തി (28*), മിച്ചൽ സാൻഡ്നർ (16), കോളിൻ മൺറോ (12) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. നാലുപേർ പൂജ്യരായി മടങ്ങി.
നേരത്തെ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചൽ സാൻഡ്നറുടെയും ടോഡ് ആസിലിെൻറയും മികവിലാണ് കിവീസ് ശ്രീലങ്കയെ 125 റൺസിലൊതുക്കിയത്.
ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച കിവീസ് പരമ്പര നേരത്തേ സ്വന്തമാക്കിയിരുന്നു.
