കാൻഡി: പരമ്പരനേട്ടത്തിനരികെ ഇംഗ്ലണ്ട്, ഒന്നുകൂടി പൊരുതിനോക്കാൻ ശ്രീലങ്ക. രണ്ടാം ടെസ്റ്റിെൻറ അവസാന ദിനം ഇന്ന് കളി പുനരാരംഭിക്കുേമ്പാൾ അവസ്ഥ ഇതാണ്. ജയിക്കാൻ 301 റൺസ് തേടിയിറങ്ങിയ ലങ്ക നാലാം ദിനം കളി നിർത്തുേമ്പാൾ ഏഴിന് 226 എന്ന നിലയിലാണ്. മൂന്നു വിക്കറ്റ് കൈയിലിരിക്കെ ജയിക്കാൻ ആതിഥേയർക്ക് വേണ്ടത് 75 റൺസ്.
എന്നാൽ, ലങ്കയുടെ മുൻനിര ബാറ്റ്സ്മാന്മാരെല്ലാം മടങ്ങിയെന്നത് ഇംഗ്ലണ്ടിന് മുൻതൂക്കം നൽകുന്നു. 27 റൺസുമായി ക്രീസിലുള്ള വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നിറോഷൻ ഡിക്വെല്ലയിലാണ് ലങ്കയുടെ പ്രതീക്ഷ.
തകർപ്പൻ ഇന്നിങ്സുമായി പിടിച്ചുനിന്ന ആഞ്ചലോ മാത്യൂസിെൻറ (88) വിക്കറ്റ് നിർണായക ഘട്ടത്തിൽ നഷ്ടമായതാണ് ലങ്കക്ക് തിരിച്ചടിയായത്.
അഞ്ചിന് 221 എന്ന നിലയിൽ ടീമിെന സുരക്ഷിതസ്ഥാനത്തേക്ക് നയിക്കുകയായിരുന്ന മാത്യൂസിെന ഒാഫ്സ്പിന്നർ മുഇൗൻ അലി വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു. നേരത്തേ ഇംഗ്ലണ്ട് ഇന്നിങ്സ് 346ൽ അവസാനിപ്പിച്ചശേഷം ബാറ്റിങ് തുടങ്ങിയ ലങ്കയുടെ ആദ്യ മൂന്നു വിക്കറ്റുകൾ 26 റൺസിനിടെ വീഴ്ത്തി ഇടകൈയൻ സ്പിന്നർ ജാക് ലീച്ചാണ് ഇംഗ്ലണ്ടിന് മുൻതൂക്കം നൽകിയത്.
കുശാൽ സിൽവ (4), ധനഞ്ജയ ഡിസിൽവ (1), കുശാൽ മെൻഡിസ് (1) എന്നിവരാണ് അതിവേഗം പുറത്തായത്. എന്നാൽ, ദിമുത് കരുണരത്നെ (57), റോഷൻ സിൽവ (37), ഡിക്വെല്ല എന്നിവരെ കൂട്ടുപിടിച്ച് മാത്യൂസ് ടീമിനെ കരകയറ്റുകയായിരുന്നു.