കൊളംബോ: ഏകദിന പരമ്പര കൈവിട്ടതിന് ഏക ടെസ്റ്റിൽ വിജയംവരിച്ച് ശ്രീലങ്ക മാനംകാത്തു. ആറാം വിക്കറ്റിൽ 121 റൺസിെൻറ കൂട്ടുകെട്ടുമായി അസേല ഗുണരത്നെയും നിരോഷൻ ഡിക്വെല്ലയും നിലയുറപ്പിച്ചതോടെ സിംബാബ്വെക്കെതിരായ ടെസ്റ്റിൽ നാലുവിക്കറ്റിനാണ് ലങ്കൻ വിജയം. സ്കോർ: സിംബാബ്വെ 356, 377. ശ്രീലങ്ക 346, 391 (114.5). ഇരു ഇന്നിങ്സുകളിലായി 11 വിക്കറ്റ് വീഴ്ത്തിയ രംഗണ ഹെരാത്താണ് മാൻ ഒാഫ് ദ സീരിയസ്.
അവസാനദിനം മൂന്നിന് 170 എന്ന നിലയിൽ കളത്തിലിറങ്ങിയ ശ്രീലങ്കക്ക് 388 റൺസായിരുന്നു വിജയലക്ഷ്യം. അർധസെഞ്ച്വറിയുമായി നിലയുറപ്പിച്ച കുശാൽ മെൻഡിസ് (66), ദിനേഷ് ചണ്ഡിമൽ (15), എയ്ഞ്ചലോ മാത്യൂസ് (25) എന്നിവരുടെ വിക്കറ്റുകൾ എളുപ്പം നഷ്ടപ്പെട്ടതോടെ സിംബാബ്വെ വിജയപ്രതീക്ഷ നിലനിർത്തിയിരുന്നു. എന്നാൽ, ആറാം വിക്കറ്റിൽ ഡിക്വെല്ലയും (81) ഗുണരത്െനയും (80) പിടിച്ചുനിന്നതോടെ സന്ദർശകരുടെ വിജയമോഹം അകന്നു. സെഞ്ച്വറി കൂട്ടുകെട്ടുമായി ഇരുവരും കളിവരുതിയിലാക്കി. വിജയലക്ഷ്യത്തിനരികെ ഡിക്വെല്ല പുറത്തായെങ്കിലും ഗുണരത്നെ, ബൗളർ ദിൽറുവാൻ പെരേരയെ (29) കൂട്ടുപിടിച്ച് കളി വിജയിപ്പിച്ചു. സിംബാബ്വെക്കായി ഗ്രെയിം ക്രീമർ രണ്ടാം ഇന്നിങ്സിൽ നാലുവിക്കറ്റ് വീഴ്ത്തി.