കൊളംബോ: ലങ്കൻ മണ്ണിൽ ദക്ഷിണാഫ്രിക്കക്ക് വിജയത്തുടക്കം. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തിൽ ദക്ഷിണാഫ്രിക്ക അഞ്ചു വിക്കറ്റിന് ജയിച്ചു. വിക്കറ്റ് കീപ്പർ ക്വിൻറൺ ഡികോക്ക് (47), ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിസ് (47) ജെ.പി. ഡുമിനി (53) എന്നിവരുടെ പ്രകടനത്തിലാണ് ദക്ഷിണാഫ്രിക്ക അനായാസം കളി ജയിച്ചത്. സ്കോർ: ശ്രീലങ്ക-193/10 (34.3 ഒാവർ), ദക്ഷിണാഫ്രിക്ക 196/5 (31 ഒാവർ).
ആദ്യം ബാറ്റുചെയ്ത ആതിഥേയർക്ക് ദക്ഷിണാഫ്രിക്കൻ ബൗളിങ്ങിനുമുന്നിൽ പിടിച്ചുനിൽക്കാനായില്ല. കാഗിസോ റബാദയും തബ്റെയ്സ് ഷംസിയും (ഇരുവരും നാലുവിക്കറ്റ്) എറിഞ്ഞിട്ടപ്പോൾ ലങ്കൻ ബാറ്റിങ് 193 റൺസിന് അവസാനിച്ചു.
ഏഴുേപർ രണ്ടക്കം കാണാതെ ലങ്കൻ നിരയിൽ മടങ്ങിയപ്പോൾ, പിടിച്ചുനിന്നത് കുശാൽ പെരേരയും(81) തിസാര പെരേരയും (49) മാത്രം. 36ന് അഞ്ചു വിക്കറ്റ് പോയതിനു പിന്നാലെയായിരുന്നു പെരേരമാരുടെ ചെറുത്തുനിൽപ്. ചെറിയ വിജയലക്ഷ്യം 31 ഒാവറിൽ ദക്ഷിണാഫ്രിക്ക മറികടന്നു. തബ്റെയ്സ് ഷംസിയാണ് മാൻ ഒാഫ് ദ മാച്ച്. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇതോടെ 1-0 സന്ദർശകർ മുന്നിലെത്തി.