കൊളംബോ: അവസാന ഏകദിന മത്സരത്തിനിറങ്ങിയ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് 239 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞെടുത്ത ലങ്ക 49.4 ഒാവറിൽ പുറത്താവുകയായിരുന്നു. ഇന്ത്യൻ ബൗളർ ഭുവനേശ്വർ കുമാർ അഞ്ച് വിക്കറ്റ് വീഴ്ത്തി.

ഡിക്ക് വെല്ല (2), ദിൽഷൻ മുനവീര(4) എന്നിവർ തുടക്കത്തിലേ മടങ്ങിയിരുന്നു. പിന്നീട് സസ്പെൻഷൻ കഴിഞ്ഞ് ടീമിലേക്ക് തിരിച്ചെത്തിയ ക്യാപ്റ്റൻ ഉപുൽ തരംഗയാണ് 34 പന്തിൽ നിന്നും 48 റൺസുമായി സ്കോർ ഉയർത്തിയത്. അർധസെഞ്ച്വറിക്കരികെ ബുമ്ര തരംഗയെ പുറത്താക്കി. പിന്നീട് ലഹിരു തിരിമാനെ (67), എയ്ഞ്ചലോ മാത്യൂസ് (55) എന്നിവർ ചേർന്ന് ലങ്കയെ കരകയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് 122 റൺസ് ചേർത്തു. ഇവർ പുറത്തായതിന് ശേഷം ലങ്കൻ നിരയിൽ ആർക്കും പിടിച്ചുനിൽക്കാനായില്ല. 9.4 ഒാവറിൽ 42 റൺസ് വിട്ടുകൊടുത്താണ് ഭുവനേശ്വർ കുമാർ അഞ്ച് വിക്കറ്റ് നേട്ടം കൊയ്തത്. ജസ്പ്രീത് ബുമ്ര രണ്ടും കുൽദീപ് യാദവും യുസ്വേന്ദ്ര ചാഹലും ഒാരോ വിക്കറ്റും വീഴ്ത്തി.

കൊളംബോ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. സ്വന്തം കാണികളുടെ മുന്നിൽ ഒരു മത്സരമെങ്കിലും ജയിക്കാനാവുമെന്ന പ്രതീക്ഷയിലാണ് തരംഗയും കൂട്ടരും. 2019 ഏകദിന ലോകകപ്പ് യോഗ്യതക്കായി ലങ്കക്ക് ഇനിയും ഒരു വിജയംകൂടി വേണം.