ന്യൂഡൽഹി: വാതുവെപ്പ് ആരോപണങ്ങളെ തുടർന്ന് ബി.സി.സി.െഎ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ക്രിക്കറ്റ്താരം ശ്രീശാന്ത് സുപ്രീംകോടതിയിൽ. ഡൽഹി പൊലീസ് ക്രൂരമായി മർദിച്ചതിനെ തുടർന്നാണ് വാതുവെപ്പ് കേസിൽ കുറ്റസമ്മതം നടത്തിയതെന്ന് ശ്രീശാന്ത് കോടതിയെ അറിയിച്ചു. ജസ്റ്റിസ് അശോക് ഭൂഷൺ, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
ആജീവനാന്ത വിലക്ക് അഞ്ചു വർഷത്തെ വിലക്കാക്കി കുറക്കണമെന്ന് ആവശ്യപ്പെടാൻ മാത്രമേ ശ്രീശാന്തിന് കഴിയു എന്ന് കോടതി വ്യക്തമാക്കി. ശ്രീശാന്തിെൻറ പെരുമാറ്റത്തെയും കോടതി വിമർശിച്ചു. ശ്രീശാന്ത് അധിക പണം കൈയിൽ കൊണ്ട് നടന്നതെന്തിനെന്നും കോടതി ആരാഞ്ഞു. ഇത് അനാഥാലയത്തിന് നൽകാനെന്നായിരുന്നു ശ്രീശാന്തിെൻറ മറുപടി. ഇതുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ കോടതി കൂടുതൽ സമയം അനുവദിച്ചു. രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.
2013ലെ െഎ.പി.എൽ മൽസരങ്ങൾക്കിടെയാണ് ശ്രീശാന്ത് ഉൾപ്പെട്ട ഒത്തുകളി വിവാദം ഉയർന്നത്. വാതുവെയ്പ് വിവാദങ്ങൾക്കൊടുവിൽ ഡൽഹിയിലെ പട്യാല ഹൗസ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ, ശ്രീശാന്തിന് മേൽ ഏർപ്പെടുത്തിയ വിലക്ക് മാറ്റാൻ ബി.സി.സി.െഎ തയാറായിരുന്നില്ല.