ശ്രീശാന്തിൻെറ ആജീവനാന്ത വിലക്ക് നീക്കില്ലെന്ന് ബി.സി.സി.ഐ ഹൈകോടതിയിൽ
text_fieldsകൊച്ചി: ഐ.പി.എൽ ഒത്തുകളി ആരോപണത്തെത്തുടർന്ന് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ബി.സി.സി.ഐ ഹൈകോടതിയിൽ സത്യവാങ്മൂലം നൽകി. സ്കോട്ലൻഡ് പ്രീമിയർ ലീഗിൽ കളിക്കാൻ അനുമതി തേടിയും ആജീവനാന്ത വിലക്ക് നീക്കാൻ ആവശ്യപ്പെട്ടും ശ്രീശാന്ത് നൽകിയ ഹരജിയിൽ ബി.സി.സി.ഐ പ്രതിനിധി രാഹുൽ ജോഹ്റിയാണ് ഇൗ മറുപടി നൽകിയത്. ഹരജി വെള്ളിയാഴ്ച ഹൈകോടതി വീണ്ടും പരിഗണിക്കും.
ഐ.പി.എൽ ആറാം സീസണിലെ ഒത്തുകളി ആരോപണത്തെത്തുടർന്നുള്ള കേസിൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയിട്ടും ബി.സി.സി.ഐ വിലക്ക് പിൻവലിക്കുന്നില്ലെന്ന് ആരോപിച്ചാണ് ശ്രീശാന്ത് ഹൈകോടതിയെ സമീപിച്ചത്. തെളിവുകൾ വിശദമായി പരിശോധിച്ചാണ് അച്ചടക്കനടപടി എടുത്തതെന്നും സെഷൻസ് കോടതി വിധി അന്തിമമാണെന്ന് പറയാനാകില്ലെന്നുമാണ് ബി.സി.സി.ഐ നിലപാട്. കുറ്റവിമുക്തനാക്കിയ സെഷൻസ് കോടതി വിധി 2015 ഒക്ടോബർ 18ന് ചേർന്ന ബി.സി.സി.ഐ വർക്കിങ് കമ്മിറ്റി പരിഗണിച്ചിരുന്നു. ബി.സി.സി.ഐയുടെ അഴിമതിവിരുദ്ധ നിലപാടിനുപുറെമ ക്രിക്കറ്റിെൻറ ധാർമികത ഉയർത്തിപ്പിടിക്കുന്നതിനുമായാണ് വിലക്ക് നിലനിർത്തിയത്.
സ്കോട്ലൻഡ് പ്രീമിയർ ലീഗിൽ കളിക്കാൻ അനുമതി തേടി ശ്രീശാന്ത് ജനുവരി 17ന് കെ.സി.എ മുഖേന അപേക്ഷ നൽകിയിരുന്നു. എന്നാൽ, വിലക്ക് നീക്കാനുള്ള പുതിയ സാഹചര്യമില്ലെന്ന് ബി.സി.സി.ഐ മറുപടി നൽകി. ഇതേ ആവശ്യം ഉന്നയിച്ച് വീണ്ടും അപേക്ഷ നൽകിയെങ്കിലും നിലപാട് മാറ്റിയില്ല. മാർച്ച് ആറിന് അച്ചടക്കസമിതി തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് ഇ-മെയിൽ അയച്ചു. എന്നാൽ, വിലക്ക് നീക്കാനോ അനുമതി നൽകാനോ കഴിയില്ലെന്ന് വ്യക്തമാക്കി ഏപ്രിൽ 15ന് മറുപടി നൽകിയെന്നും ഇതിെൻറ പകർപ്പ് ഹൈകോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും ബി.സി.സി.ഐ സത്യവാങ്മൂലത്തിൽ പറയുന്നു.പട്യാല സെഷൻസ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയതിനെതിരെ പൊലീസ് നൽകിയ അപ്പീൽ ഡൽഹി ഹൈകോടതി ആഗസ്റ്റ് 11ന് പരിഗണിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
