കേപ്ടൗൺ: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഒാൾറൗണ്ടർ കപിൽദേവിെൻറ പിൻഗാമിയെന്നാണ് ഹാർദിക് പാണ്ഡ്യയെ ആരാധകലോകം വിളിക്കുന്നത്. നാല് ടെസ്റ്റും 32 ഏകദിനവും ഒന്നരവർഷത്തെ മാത്രം രാജ്യാന്തര പരിചയവുമുള്ള പാണ്ഡ്യയും ഇതിഹാസമായ കപിലുമായുള്ള താരതമ്യത്തെ വിമർശിക്കുന്നവരുമുണ്ട്. വിമർശനവും ആരാധനയും എന്തായാലും ശനിയാഴ്ച ചില അദ്ഭുതകരമായ യാദൃച്ഛികതകളുടേതായിരുന്നു. നാട്ടിൽ കപിലിെൻറ പിറന്നാൾ ആഘോഷം തകൃതിയാവുേമ്പാൾ കേപ്ടൗണിലെ ന്യൂലാൻഡേഴ്സ് സ്റ്റേഡിയത്തിൽനിന്നും അതിവിശിഷ്ടമായ സമ്മാനമെത്തി. ദക്ഷിണാഫ്രിക്കൻ പേസർമാരുടെ മിന്നൽവേഗത്തിലെ പന്തുകൾക്കു മുന്നിൽ ഇന്ത്യ ഏഴിന് 92 റൺസ് എന്ന നിലയിൽ തരിപ്പണമായപ്പോൾ ക്രീസിൽ പാറപോലെ നിലയുറപ്പിച്ച് പടുത്തുയർത്തിയ വീരോചിത ഇന്നിങ്സ് കൊണ്ടുള്ള പാണ്ഡ്യയുടെ സമ്മാനം.
100നു താഴെ റൺസിൽ ഇന്ത്യ പത്തിമടക്കി ഫോളോഒാൺ ചെയ്യുമെന്ന് പ്രതീക്ഷിച്ച ദക്ഷിണാഫ്രിക്കൻ മോഹങ്ങൾ തച്ചുടച്ച മാസ്മരിക ഇന്നിങ്സ്. 95 പന്ത് നേരിട്ട് നേടിയ 93 റൺസുമായി ഹാർദിക് പാണ്ഡ്യ കൂടാരം വിടുേമ്പാൾ പേസർമാരുടെ പറുദീസയായ പിച്ചിൽ ഇന്ത്യൻ അഭിമാനം കൂടിയായിരുന്നു തലയുയർത്തിയത്. റബാദ, സ്റ്റെയിൻ, ഫിലാൻഡർ പേസ് ആക്രമണത്തെ മുട്ടി പ്രതിരോധിച്ച ഭുവനേശ്വർ മികച്ച സ്ട്രൈക് നൽകിയതോടെ എട്ടാം വിക്കറ്റിൽ 99 റൺസിെൻറ കൂട്ടുകെട്ട് പിറന്നു. ഇന്ത്യൻ മുൻനിരയിലെ എഴുപേർ ചേർന്ന് നേടിയതിനേക്കാൾ മികച്ച ടോട്ടൽ. 86 പന്തിൽ 25 റൺസെടുത്ത ഭുവി മടങ്ങിയശേഷം മുഹമ്മദ് ഷമിക്കൊപ്പം (4 നോട്ടൗട്ട്) മുന്നേറാൻ ശ്രമിച്ചെങ്കിലും രണ്ടാം ടെസ്റ്റ് സെഞ്ച്വറിക്ക് ഏഴ് റൺസകലെ അവസാനിച്ചു. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 209ന് പുറത്ത്. ഇരു ഇന്നിങ്സിലുമായി രണ്ടു വിക്കറ്റ് കൂടി നേടിയ പാണ്ഡ്യ താൻ കപിലിെൻറ പിൻഗാമിയെന്ന് വിളിക്കാൻ യോഗ്യനാണെന്ന് ഒരിക്കൽകൂടി ഒാർമിപ്പിച്ചു.77 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 65 റൺസെടുത്തിട്ടുണ്ട്. എയ്ഡൻ മർക്രം (34), ഡീൻ എൽഗാർ (25) എന്നിവരെ പാണ്ഡ്യ തന്നെ പുറത്താക്കി. ഹാഷിം ആംല (4), റബാദ (2)എന്നിവരാണ് ക്രീസിൽ. ഇതോടെ ദക്ഷിണാഫ്രിക്ക 142 റൺസ് മുന്നിലെത്തി.
കൂട്ടത്തകർച്ച
ഒന്നാം ദിനം അവസാനിപ്പിച്ചിടത്തു നിന്നായിരുന്നു ശനിയാഴ്ചയിലെ തുടക്കം. മൂന്നിന് 28 റൺസ് എന്ന നിലയിൽ ക്രീസിലിറങ്ങിയ രോഹിത് ശർമ-പുജാര കൂട്ടിനെ അടിമുടി വിറപ്പിച്ച ആതിഥേയരുടെ പേസ് ആക്രമണം. സ്റ്റെയ്നും ഫിലാൻഡറും എറിഞ്ഞ നാല് ഒാവറുകൾ മെയ്ഡനായി. ഇടക്ക് സ്റ്റെയ്നിനെ പുജാര ബൗണ്ടറി കടത്തിയെങ്കിലും ഫിലാൻഡറിനെ തൊടാനായില്ല. കുത്തി ഉയർന്ന പന്തുകളെ ബാറ്റ് അകറ്റിനിർത്തി തട്ടിയും ഒഴിഞ്ഞുമാറിയും രോഹിത് കളിക്കുേമ്പാൾ വിക്കറ്റ് ഏത് നിമിഷവും വീഴുമെന്ന് ഉറപ്പായി. പ്രതീക്ഷിച്ചപോലെ റബാദയുെട പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്ത്. അശ്വിനൊപ്പം പുജാര ചെറുത്തുനിൽപ് നടത്തിയെങ്കിലും ആത്മവിശ്വാസമില്ലായിരുന്നു. അധികംവൈകും മുേമ്പ കൂട്ടുകെട്ട് പിരിഞ്ഞു. ശേഷമാണ് പാണ്ഡ്യയുടെ വരവ്. നേരിട്ട ആദ്യ പന്ത് തന്നെ സ്ലിപ്പിലെ ഒഴിവിലൂടെ ബൗണ്ടറിയിലേക്ക് പറത്തി തുടക്കംകുറിച്ചു. ഇതിനിടെ സ്കോർ അഞ്ചിലെത്തിയപ്പോൾ എൽ.ബി.ഡബ്ല്യൂ ഒൗട്ട് റിവ്യൂവിലൂടെ തിരുത്തി നേടിയ ലൈഫുമായി ആക്രമണം ശക്തമാക്കി. അപ്പോഴും മറുതലക്കൽ വിക്കറ്റ് വീഴ്ചയായിരുന്നു. അശ്വിൻ, സാഹ എന്നിവർ മടങ്ങി. ശേഷമെത്തിയ ഭുവനേശ്വർ ഉജ്ജ്വല പിന്തുണ നൽകി. ഫിലാൻഡറും റബാദയും മൂന്നു വിക്കറ്റ് വീഴ്ത്തി.