കേപ്ടൗൺ: മിന്നൽപിണറുള്ള പന്തുമായി ആദ്യം ഇന്ത്യൻ ബൗളർമാർ ദക്ഷിണാഫ്രിക്കക്കാരെ വിറപ്പിച്ചു. ഭുവനേശ്വറും മുഹമ്മദ് ഷമിയും ചേർന്ന് നടത്തിയ ആക്രമണം ആളിക്കത്താതെ പ്രതിരോധിച്ച് 286 റൺസ് എന്ന മികച്ച ടോട്ടൽ പടുത്തുയർത്തി ആതിഥേയർ കൂടാരം കയറിയ ആദ്യ ഭാഗം. ഇനി കഥയുടെ രണ്ടാം ഭാഗം. മറുപടിക്കിറങ്ങിയ ഇന്ത്യയുടെ കേളികേട്ട ബാറ്റിങ് നിര ഡെയ്ൽ സ്റ്റെയ്െൻറയും വെർനോൺ ഫിലാൻഡറുടെയും കഗിസോ റബാദയുടെയും തീതുപ്പുന്ന പന്തുകൾക്ക് മുന്നിൽ മുട്ടുവിറച്ചു തുടങ്ങി. ഒന്നാം ദിനം കളി അവസാനിക്കുേമ്പാൾ മൂന്നു വിക്കറ്റ് നഷ്ടമായ ഇന്ത്യ 28 റൺസ് എന്നനിലയിൽ പതറുന്നു. ഒാപണർമാരായ മുരളി വിജയ് (1), ശിഖർ ധവാൻ (16), ക്യാപ്റ്റൻ വിരാട് കോഹ്ലി (5) എന്നിവരാണ് പുറത്തായത്. ചേതേശ്വർ പുജാര (5), രോഹിത് ശർമ (0) എന്നിവരാണ് ക്രീസിൽ.

സൂപ്പർ സ്റ്റാർട്ട്
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കൻ നിരക്കെതിരെ സ്വപ്നത്തിൽപോലും മോഹിക്കാത്ത വിധമായിരുന്നു ഇന്ത്യയുടെ തുടക്കം. േകപ്ടൗണിലെ ന്യൂലാൻഡ്സ് പിച്ചിൽ ഭുവനേശ്വർ കുമാറും മുഹമ്മദ് ഷമിയും അരങ്ങേറ്റക്കാരൻ ജസ്പ്രീത് ബുംറയും പന്തിൽ സ്വിങ്ങും ബൗൺസറും കണ്ടെത്തിയപ്പോൾ ദക്ഷിണാഫ്രിക്കൻ ആരാധകർപോലും അതിശയിച്ചു. മിന്നൽവേഗത്തിൽ പന്ത് പറക്കുന്ന പിച്ചിൽ ന്യൂബാളെടുത്ത ഭുവനേശ്വർ കുമാർ നിറഞ്ഞാടി. മൂന്നാം പന്തിൽ ഒാപണർ ഡീൻ എൽഗാർ സാഹക്ക് പിടികൊടുത്ത് മടങ്ങുേമ്പാൾ ദക്ഷിണാഫ്രിക്കൻ സ്കോർ ബോർഡ് ഇളകിയില്ല. മർക്രം (5), അംല (3) എന്നിവർ അഞ്ച് ഒാവറിനുള്ളിൽ മടങ്ങിയപ്പോൾ വിദേശ മണ്ണിൽ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച തുടക്കമായി മാറി. മൂന്നിന് 12 റൺസ് എന്ന നിലയിൽ തകർന്ന ദക്ഷിണാഫ്രിക്ക പക്ഷേ, പതറിയില്ല.
എബി ഡിവില്ലിയേഴ്സും (65) നായകൻ ഡുെപ്ലസിസും (62) നടത്തിയ ചെറുത്തുനിൽപിൽ അവർ തിരിച്ചുവന്നു. അരങ്ങേറ്റ ടെസ്റ്റിനിറങ്ങിയ ബുംറയെയും പാണ്ഡ്യയെയും തിരഞ്ഞുപിടിച്ചുതന്നെ ആക്രമിച്ചു. ഇവർക്കുശേഷം ക്രീസിലെത്തിയവരും മോശമാക്കിയില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ഒാപണർമാർ കരുതലോടെയാണ് തുടങ്ങിയതെങ്കിലും ഉൾഭയം വിട്ടിരുന്നില്ല. നന്നായി ബൗൺസ് ചെയ്ത സ്റ്റെയ്ൻ-ഫിലാൻഡർ കൂട്ടിെൻറ ഒാപണിങ് സ്പെല്ലിനിടയിൽ തന്നെ കൂട്ടുകെട്ട് തകർന്നു. തൊട്ടുപിന്നാലെ വിരാട് കോഹ്ലിയുടെ പിഴച്ച ഷോട്ട് വിക്കറ്റ് കീപ്പർ ഡികോക്കിൽ അവസാനിച്ചു. ഇന്ത്യ മൂന്നിന് 28.
