സെഞ്ചൂറിയൻ: ഏകദിന പരമ്പരയിൽ ദക്ഷിണാഫ്രിക്കയുടെ ശനിദശ മാറുന്നില്ല. പരമ്പര തുടങ്ങുന്നതിന് മുന്നേ പരിക്കേറ്റ എ.ബി. ഡിവില്ലിേയഴ്സ് പിന്മാറി, ആദ്യ കളി കഴിഞ്ഞപ്പോൾ നായകൻ ഡുപ്ലസിസിന് പരിക്കേറ്റു, ഇപ്പോഴിതാ രണ്ടാം മത്സരത്തിലെ പരിക്കിനെ തുടർന്ന് വിക്കറ്റ് കീപ്പർ ക്വിൻറൺ ഡി കോക്കും പടിക്കുപുറത്ത്. ആദ്യ രണ്ട് മത്സരങ്ങളിലെ വമ്പൻ തോൽവികൂടി ആയപ്പോൾ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇന്ത്യക്ക് മുന്നിൽ ആടിയുലയുകയാണ്. കേപ്ടൗണിലെ ന്യൂലൻഡ്സിൽ മൂന്നാം മത്സരം നാളെ നടക്കാനിരിക്കെ മൂന്ന് വർഷത്തിന് ശേഷം സ്വന്തം നാട്ടിൽ പരമ്പര അടിയറ വെക്കേണ്ടിവരുമെന്ന ഭയത്തിലാണ് പ്രോട്ടീസുകൾ.
കഴിഞ്ഞ മത്സരത്തിനിടെ ഇടതു കൈക്കുഴക്കേറ്റ പരിക്കാണ് ഡി കോക്കിനെ സൈഡ് ബെഞ്ചിലെത്തിച്ചത്. നാലാഴ്ച വിശ്രമം ആവശ്യമായതിനാൽ ഇനിയുള്ള മത്സരങ്ങളിൽ ഡി കോക്കിെൻറ സേവനം ലഭ്യമാവില്ല. ട്വൻറി20 പരമ്പരയിലും ഡി കോക്ക് ഉണ്ടാവില്ല. റിസർവ് വിക്കറ്റ് കീപ്പറായ എ.ബി. ഡിവില്ലിയേഴ്സും ഇല്ലാത്തതിനാൽ അന്താരാഷ്ട്ര പരിചയമില്ലാത്ത പുതുമുഖ താരം ഹെൻറിച്ച് ക്ലാസനായിരിക്കും അടുത്ത മത്സരത്തിൽ ആതിഥേയരുടെ വിക്കറ്റിന് പിന്നിൽ.
ഇന്ത്യയെപോലെ തന്നെ നാട്ടിലെ പുലികളായ ദക്ഷിണാഫ്രിക്ക സ്വന്തം നാട്ടുകാർക്ക് മുന്നിൽ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. സെഞ്ചൂറിയെൻറ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സകോറിനാണ് ഞായറാഴ്ച ടീം പുറത്തായത്. നാല് വർഷമായി ഡിവില്ലിയേഴ്സും ഡ്യൂപ്ലസിസും അംലയും ഡി കോക്കുമായിരുന്നു ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങിെൻറ നെട്ടല്ല്. എന്നാൽ, ഇവരിൽ മൂന്ന് പേരും ഇല്ലാതെയാണ് ദക്ഷിണാഫ്രിക്ക അടുത്ത മത്സരത്തിനിറങ്ങുന്നത്. നാലാം ഏകദിനത്തിന് എ.ബി. ഡിവില്ലിയേഴ്സ് തിരിച്ചെത്തുമെന്ന പ്രതീക്ഷ മാത്രമാണ് ദക്ഷിണാഫ്രിക്കൻ ആരാധകരുടെ ആശ്വാസം. നാട്ടിലെ തുടർച്ചയായ 17 വിജയങ്ങൾക്കൊടുവിലാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയോട് തോറ്റുതുടങ്ങിയത്.
കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്ക സ്വന്തം നാട്ടിൽ ഒരു ഏകദിന മത്സരം പോലും തോറ്റിട്ടില്ല. രണ്ട് വർഷത്തിനിടെ തോറ്റത് രണ്ട് കളി മാത്രം. ടെസ്റ്റ് പരമ്പരയിലും കാര്യങ്ങൾ അത്ര ശുഭകരമായിരുന്നില്ല. ആദ്യ രണ്ട് ടെസ്റ്റിൽ ജയിച്ചെങ്കിലും ബാറ്റ്സ്മാന്മാരുടെ പ്രകടനം മോശമായിരുന്നു. വിദേശ വിക്കറ്റുകളിൽ ഇന്നിങ്സിന് പരാജയപ്പെട്ടുകൊണ്ടിരുന്ന ഇന്ത്യയെ വലിയ മാർജിനിൽ തോൽപിക്കാമെന്ന ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷയാണ് ഇല്ലാതായത്. അവസാന ടെസ്റ്റിൽ പരാജയം നുണയുകയും ചെയ്തു. ഏകദിന ക്രിക്കറ്റിൽ രണ്ട് മത്സരങ്ങളുടെ മാത്രം പരിചയമുള്ള ഏഡൻ മാർക്റാമിെൻറ നായകത്വത്തിലാണ് ദക്ഷിണാഫ്രിക്ക ഇനിയുള്ള മത്സരങ്ങളും കളിക്കാൻ പോകുന്നത്. ഏകദിനത്തിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ മികച്ച ഫോമും ദക്ഷിണാഫ്രിക്കയെ ഭയപ്പെടുത്തുന്നു.