ന്യൂഡൽഹി: ബി.സി.സി.ഐയുടെ അധ്യക്ഷനായി സൗരവ് ഗാംഗുലി എത്തിയതോടെ എല്ലാവരും ഉറ്റുനോക്കുന്നത് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം പരിശീലകൻ രവിശാസ്ത്രിയുടെ തൊപ്പി തെറിക്കുമോയെന്നാണ്. ശാസ്ത്രിയെ കുറിച്ചുള്ള മാധ്യമ പ് രവർത്തകരുടെ ചോദ്യങ്ങൾക്ക് ഗാംഗുലി നൽകിയ മറുപടിയാണ് അഭ്യൂഹങ്ങൾ വീണ്ടും ശക്തമാക്കാൻ ഇടയാക്കിയത്.
ബി.സി.സി.ഐ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ശാസ്ത്രിയുമായി സംസാരിച്ചോയെന്നായിരുന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യം. ഇതിന് മറുപടിയായി എന്തിന്? എന്താണ് ഇപ്പോൾ ശാസ്ത്രി ചെയ്യുന്നതെന്നായിരുന്നു ഗാഗുലിയുടെ മറുചോദ്യം. തമാശരൂപേണയാണ് ഗാംഗുലിയുടെ മറുപടിയെ എല്ലാവരും കണ്ടതെങ്കിലും വാക്കുകളിൽ പുതിയ ബി.സി.സി.ഐ പ്രസിഡൻറ് ചില സൂചനകൾ ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്നാണ് മറുവാദം.
ശാസ്ത്രിയും ഗാംഗുലിയും തമ്മിൽ അത്ര നല്ല ബന്ധമല്ല നില നിൽക്കുന്നത്. കുംബ്ലൈയെ മാറ്റി ശാസ്ത്രിയെ പരിശീലകനാക്കിയ ബി.സി.സി.ഐ തീരുമാനത്തോട് ദാദക്ക് യോജിപ്പില്ല. നേരത്തെ കുംബ്ലൈയെ പരിശീലകനാക്കിയതിന് പിന്നിൽ ഗാംഗുലിയാണെന്നും ശാസ്ത്രി ആരോപിച്ചിരുന്നു. ഇതിന് ശാസ്ത്രി വിഡ്ഢികളുടെ സ്വർഗത്തിലാണെന്നായിരുന്നു ഗാംഗുലിയുടെ മറുപടി.