കൊൽക്കത്തയുടെ 20 വയസുകാരൻ ചുള്ളൻ പയ്യൻ ശുഭ്മൻ ഗില്ലിന് ഐ.പി.എല്ലിൽ പുതിയ റെക്കോർഡ്. നാല് അർധ സെഞ്ച്വറി തികച്ച ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഇപ്പോൾ ഗിൽ. കിങ്സ് ഇലവൻ പഞ്ചാബിനെതിരായ നിർണായക മത്സരത്തിൽ നേടിയ 49 പന്തിലെ 65 റൺസാണ് ഗില്ലിന് ചരിത്ര നേട്ടം സമ്മാനിച്ചത്.
മുമ്പ് മൂന്ന് അർധ സെഞ്ച്വറികൾ തികച്ച ടീനേജർമാർ ഉണ്ടായിരുന്നു. എന്നാൽ അത് നാലാക്കിയ ഗില്ലിനാണ് ഇനി റെക്കോർഡ്. പഞ്ചാബിനെതിരെ വിജയിച്ചതോടെ കൊൽക്കത്തയുടെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് ചിറക് മുളച്ചു.

ഗില്ലിനോടൊപ്പം ക്രിസ് ലിന്നും (22 പന്തിൽ 46) തകർത്തടിച്ചതോടെയാണ് പഞ്ചാബ് ഉയർത്തിയ 186 റൺസ് പിന്തുടർന്ന് കൊൽക്കത്ത വിജയിച്ചത്. വെറും 18 ഓവറിലായിരുന്നു കൊൽക്കത്തയുടെ വിജയം. വമ്പൻ വിജയം നേടിയതോടെ നെറ്റ് റൺറേറ്റ് ഉയർന്ന കാർത്തിക്കിൻെറ പടക്ക് 12 പോയൻറായി.