ബംഗ്ലാദേശിനെതിരെ 2-1ന് ഇന്ത്യയും ന്യൂസിലൻഡിനെതിരെ 3-2ന് ഇംഗ്ലണ്ടും പാകിസ്താനെതി രെ 2-0ത്തിന് ആസ്ട്രേലിയയും പരമ്പര ജയം നേടി. മുൻ ചാമ്പ്യന്മാരായ വിൻഡീസിന് അഫ്ഗാൻ പരീക്ഷണം തുടങ്ങാനിരിക്കുന്നു. ക്രിക്കറ്റിലെ സൂപ്പർ പവറുകളെല്ലാം ബലപരീക്ഷണം നടത്തിയതിനു പിന്നാലെയായിരുന്നു മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈകൽ വോണിെൻറ പ്രവചനമെത്തിയത്. 2020 ട്വൻറി20 ലോകകപ്പിൽ അദ്ദേഹം കിരീടസാധ്യത നൽകുന്നത് ഇംഗ്ലണ്ടിനും ആസ്ട്രേലിയക്കും.
വോണിെൻറ ട്വീറ്റ് ആരാധകരെ ചൊടിപ്പിച്ചെങ്കിലും ബംഗ്ലാദേശിനെതിരായ പരമ്പരയുടെ ബാലൻസ് ഷീറ്റിലെ സൂചനകൾ ഇന്ത്യക്ക് ആശങ്കയുടേതാണ്. നാലാം നമ്പറിലേക്ക് കുറ്റിയുറപ്പുള്ള ബാറ്റ്സ്മാനായി ശ്രേയസ് അയ്യറെ കിട്ടിയതും ഡെത്ത് ഓവറുകളിൽ ആത്മവിശ്വാസത്തോടെ പന്തെറിഞ്ഞ് വിക്കറ്റ് വീഴ്ത്താൻ ദീപക് ചഹറിനെ ലഭിച്ചതും മാത്രമാവും ഇന്ത്യക്കുള്ള ആശ്വാസം. അതേസമയം, ഇംഗ്ലണ്ടും ആസ്ട്രേലിയയും ന്യൂസിലൻഡുമെല്ലാം വെടിക്കെട്ട് വീരന്മാരായ ബാറ്റിങ് നിരയുമായി ഒരുപിടി മുന്നേറുേമ്പാൾ മികച്ചൊരു ട്വൻറി20 ബാറ്റിങ് ലൈനപ്പ് കണ്ടെത്താൻ ഇന്ത്യക്കായിട്ടില്ല.

നാലിെൻറ ശ്രേയസ്സ്
നിലവിലെ സാഹചര്യത്തിൽ ട്വൻറി20 ലോകകപ്പിൽ ഇന്ത്യൻ ബാറ്റിങ്നിരയിലേക്ക് ഇരിപ്പുറപ്പിച്ചത് നാലു പേർ മാത്രം. സീനിയർ താരങ്ങളായ നായകൻ വിരാട് കോഹ്ലിയും രോഹിത് ശർമയും. നാലാം നമ്പറിലേക്ക് പുതിയ കണ്ടെത്തലായി ശ്രേയസ് അയ്യർ. പരിക്കേറ്റ് ഫിറ്റ്നസ് തെളിയുന്ന മുറക്ക് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ബൗളിങ്ങിൽ ജസ്പ്രീത് ബുംറ ഒഴികെ ആർക്കും ഉറപ്പില്ല. ഏകദിന ലോകകപ്പിനുമുേമ്പ ഇന്ത്യ തേടിയ സീറ്റിലേക്കാണ് യോഗ്യനായ ബാറ്റ്സ്മാനായി ശ്രേയസിെൻറ വരവ്. 2017ൽ അരങ്ങേറ്റംകുറിച്ച മലയാളി വംശജനായ ശ്രേയസ്, കഴിഞ്ഞ രണ്ടുവർഷം ദേശീയ ടീമിൽ വന്നും പോയുമിരുന്നു.
അവസരം ലഭിക്കുേമ്പാൾ തിളങ്ങിയിട്ടും ഏകദിന ലോകകപ്പ് ടീമിൽ ഇടംകിട്ടിയില്ല. ഒന്നര വർഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ആഗസ്റ്റിൽ വിൻഡീസ് പര്യടനത്തിനുള്ള ടീമിലേക്ക് വിളിയെത്തിയപ്പോൾ മോശമാക്കിയില്ല. അതിെൻറ തുടർച്ചയായിരുന്നു ദക്ഷിണാഫ്രിക്കക്കും ബംഗ്ലാദേശിനുമെതിരായ ട്വൻറി20യിൽ ഇടംനേടിയത്. ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടു കളിയിൽ നേടിയത് 21 റൺസ്.
ബംഗ്ലാദേശിനെതിരെ നാലാം നമ്പറിലേക്ക് സ്ഥാനക്കയറ്റം നേടിയേപ്പാൾ ടീമിെൻറ നട്ടെല്ലായി മാറാൻ കഴിഞ്ഞു. മൂന്ന് ഇന്നിങ്സിൽ 22, 24 (നോട്ടൗട്ട്), 62 റൺസുമായി നിർണായക സാന്നിധ്യമായി. സ്ഥാനക്കയറ്റം നൽകാനുള്ള നായകൻ രോഹിതിെൻറ തീരുമാനം ശരിയെന്ന് പ്രഖ്യാപിച്ച ശ്രേയസ്, ഇന്ത്യ തേടിനടന്ന നാലാം നമ്പറുകാരൻ ഇവിടെതന്നെയുണ്ടെന്ന് പ്രഖ്യാപിക്കുകയാണ്.

നാഗ്പുരിൽ നടന്ന അവസാന മത്സരത്തിൽ ഇന്ത്യ മൂന്നിന് 94 എന്ന നിലയിൽ തകരുേമ്പാഴാണ് അയ്യർ ക്രീസിലെത്തുന്നത്. സമ്മർദഘട്ടത്തിൽ ബാറ്റിങ്ങിെൻറ ഉത്തരവാദിത്തമേറ്റെടുത്ത താരം 33 പന്തിൽ 62 റൺസെടുത്ത് നെടുന്തൂണായി മാറി. അഞ്ചു സിക്സറും മൂന്നു ബൗണ്ടറിയും ഉൾപ്പെടുന്നതായിരുന്നു ഇന്നിങ്സ്. നാലാം നമ്പറിൽ ഇന്ത്യക്ക് ഏറ്റവും അനുയോജ്യനായ ബാറ്റ്സ്മാനാണ് ശ്രേയസ് എന്ന് അദ്ദേഹത്തിെൻറ കോച്ച് കൂടിയായ പ്രവീൺ ആംറെ സാക്ഷ്യപ്പെടുത്തുന്നു. ‘‘താളം കണ്ടെത്തിയാൽ ശ്രേയസ് മറ്റൊരു ബാറ്റ്സ്മാനാണ്. അദ്ദേഹം ഏറെ പക്വത നേടിക്കഴിഞ്ഞു’’ -ആംറെ പറയുന്നു.
തന്നിൽ വിശ്വാസമർപ്പിച്ച ടീം മാനേജ്മെൻറിന് നന്ദി പറയുകയാണ് ശ്രേയസ് അയ്യർ. ‘‘കഴിഞ്ഞ ഏതാനും മത്സരങ്ങൾ ഏറെ വിശേഷപ്പെട്ടതായിരുന്നു. ആ പ്രകടനങ്ങൾക്കൊടുവിൽ നാലാം നമ്പറിൽ ബാറ്റ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ അഭിമാനം തോന്നി. അവരുടെ വിശ്വാസത്തിനൊത്ത പ്രകടനവും പുറത്തെടുത്തു. ’’ -ശ്രേയസ് അയ്യർ പറയുന്നു.