Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമാമൂലുകൾ ക്ലീൻ...

മാമൂലുകൾ ക്ലീൻ ബൗൾഡ്​;  ഷിനി ഇനിയും പാഡണിയും

text_fields
bookmark_border
മാമൂലുകൾ ക്ലീൻ ബൗൾഡ്​;  ഷിനി ഇനിയും പാഡണിയും
cancel

ദുബൈ: വിരാട് കോഹ്​ലിക്കൊപ്പം മിതാലി രാജി​​​െൻറ പേര് എത്തുന്നതിനു പതിറ്റാണ്ടുകള്‍ക്ക് മുമ്പും ഇന്ത്യന്‍ ക്രിക്കറ്റിന് വനിതാ ആരാധകരുണ്ടായിരുന്നു. അതിലൊരാള്‍ 1980 കളുടെ മധ്യത്തില്‍ ഗവാസ്ക്കറും കപില്‍ദേവും കളംനിറഞ്ഞാടുന്നത് കണ്ട് ആവേശം മൂത്ത്   കളിക്കാനിറങ്ങി. ഫുട്ബാളില്‍ ഉണ്ടും ഉറങ്ങിയും കഴിയുന്ന മലപ്പുറത്ത്​ ജനിച്ചു വളര്‍ന്ന ഷിനി സുനീറ ഖാലിദ്. മിതാലിയോളം മികവുണ്ടെങ്കിലും അവസരങ്ങള്‍ അധികം കിട്ടാത്തതിനാല്‍ നാടറിഞ്ഞില്ല. പക്ഷേ, തിരിച്ചടികളെ മറികടന്ന് അവര്‍ എത്തി നില്‍ക്കുന്നത് യു.എ.ഇയിലെ ദേശീയ വനിതാ ക്രിക്കറ്റ് ടീമിലാണ്. നാല് വര്‍ഷമായി ടീമിലെ ഓപ്പണിങ് ബാറ്റ്സ്​വുമനായും ബൗളറായും തിളങ്ങുകയാണ് ഷിനി സുനീറ. മികച്ച ഫുട്ബോള്‍ കളിക്കാരനും റഫറിയുമായിരുന്നു പിതാവ് പാറയ്ക്കല്‍ ഖാലിദ്. ഉമ്മ സുബൈദയുടെ നാടായ വണ്ടൂരിലാണ് ഷിനി വളര്‍ന്നത്. ഉമ്മയുടെ പ്രചോദനമാണ് ക്രിക്കറ്റിലേക്ക് തിരിച്ചുവിട്ടത്. കൂടെ കളിക്കാന്‍ പെൺകുട്ടികള്‍ ഇല്ലാത്തതിനാല്‍ ആണ്‍കുട്ടികളായിരുന്നു കൂട്ടുകാര്‍. കുട്ടിക്കാലത്തെ ഈ അനുഭവമാണ് ഷിനിയെ കായിക മേഖലയില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ സഹായിച്ചത്.

ലക്ഷ്യം നേടാനുള്ള വാശിയാണ് ഷിനിയുടെ പ്രത്യേകത. 12 വയസുള്ളപ്പോളാണ് കളി തുടങ്ങുന്നത്. ഗീതയെന്ന നാട്ടുകാരി കൂട്ടിനുണ്ടായിരുന്നു. നാട്ടില്‍ ശാസ്ത്രീയ പരിശീലനത്തിന് സംവിധാനമില്ലാത്തതിന്‍െറ സങ്കടത്തില്‍ കഴിയുമ്പോഴാണ് തിരുവല്ല മാര്‍ത്തോമ കോളജില്‍ വനിതാ ക്രിക്കറ്റ് ടീമുണ്ടെന്ന വാര്‍ത്ത കേള്‍ക്കുന്നത്. നേരെ അവിടേക്ക് പുറപ്പെട്ടു. റോജസ് സാറിന് കീഴിലെ പരിശീലനത്തിലൂടെ കോളജ് ടീമില്‍നിന്നു തുടങ്ങിയ വളര്‍ച്ച കേരള ടീമിലും സെന്‍ട്രല്‍ സോണിലുമത്തെി. ക്രിക്കറ്റ് മാത്രമല്ല, കായികലോകത്ത് തന്നെ ഓള്‍റൗണ്ടറാകാന്‍ മാര്‍ത്തോമയുടെ മൈതാനം വഴിയൊരുക്കി. ഫുട്ബോള്‍, ഹോക്കി, സോഫ്റ്റ്ബോള്‍, ക്രിക്കറ്റ് എന്നീ ഇനങ്ങളില്‍ എം.ജി സര്‍വകലാശാല ടീമിലും ഇടംനേടി. ബിരുദാനന്തര പഠന ശേഷം 2008-2009 കാലത്ത് ഷിനി യു.കെ ഹൈക്കമ്മിഷനില്‍ ജോലി നേടി. വെസ്റ്റ് ലണ്ടന്‍ സര്‍വകലാശാലയില്‍ എം.ബി.എ പഠിക്കാനായി പിന്നീട് ഷിനി യാത്ര തിരിച്ചു. ഇവിടെ റഗ്ബിയിലാണ് മികവ് തെളിയിച്ചത്.  ശേഷം ഹിറ്റാച്ചിയില്‍ എച്ച്.ആര്‍. മാനേജരായി ജോലി കിട്ടിയതോടെ അഞ്ച് വര്‍ഷം മുമ്പ്  ദുബൈ ജബൽഅലിയിലെത്തി.  

2013ൽ  ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ മിന്നും പ്രകടനത്തോടെ യു.എ.ഇ ദേശീയ ടീമില്‍ അംഗമായി  മാറി. ഗള്‍ഫ് കപ്പിന് വേണ്ടിയാണ് ഷിനി പാഡണിഞ്ഞത്. അഞ്ച് അന്താരാഷ്ട്ര മല്‍സരങ്ങള്‍ കളിച്ചു. ഒരു കളിയില്‍ നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. പുരുഷ ക്രിക്കറ്റിന് തുല്ല്യമായ ആവേശത്തോടെ വനിതാക്രിക്കറ്റും ആസ്വദിക്കാനാവും. എന്നിട്ടും വനിതാ ക്രിക്കറ്റിന് ലോകം മുഴുവന്‍ അവഗണനയാണെന്നാണ് ഷിനിയുടെ അഭിപ്രായം. അവസരങ്ങള്‍ കിട്ടാത്തതിനാല്‍ താരങ്ങള്‍ ഉണ്ടാകുന്നില്ല. 

റഗ്ബി കളിക്കുന്നതിനിടെയുണ്ടായ പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ക്രിക്കറ്റില്‍ നിന്ന്​ വിട്ടുനില്‍ക്കേണ്ടിവന്നു. എങ്കിലും ഡിസംബറാകാന്‍ കാത്തിരിക്കുകയാണ് യു.എ.ഇ. ദേശീയ ടീമും ഷിനിയും. ട്വൻറി ട്വൻറി  ഏഷ്യാ ക്വാളിഫൈയിംഗ് മല്‍സരങ്ങള്‍ അപ്പോഴാണ് തുടങ്ങുക.  കുവൈത്തില്‍ ജനിച്ചുവളര്‍ന്ന ആലപ്പുഴ സ്വദേശിയും കുവൈത്ത് ക്രിക്കറ്റ് ടീമില്‍ അംഗവുമായിരുന്ന കിഷോറാണ് ഭര്‍ത്താവ്. ക്ളബ് ക്രിക്കറ്റ് രംഗത്ത് ഇപ്പോഴും സജീവമാണ് കിഷോര്‍.  

Show Full Article
TAGS:shini gulf news malayalam news 
News Summary - shini-uae-gulf news
Next Story