കറാച്ചി: വാതുവെപ്പ് കേസിൽ പിടിയിലായി അഞ്ചു വർഷത്തേക്ക് വിലക്ക് ലഭിച്ച പാക് ക്രിക്കറ്റ് താരം ഷർജീൽ ഖാൻ ഉന്നത സമിതിക്ക് അപ്പീൽ നൽകും. താരത്തിെൻറ അഭിഭാഷകൻ ഷെയ്ഗാൻ ഇജാസാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. വാതുവെപ്പിൽ ഷർജീൽ ഖാൻ നേരിട്ട് ഇടപെട്ടതിന് പാകിസ്താൻ ക്രിക്കറ്റ് ബോർഡിന് കൃത്യമായ തെളിവുകൾ ഹാജരാക്കാൻ സാധിച്ചില്ലെന്നിരിക്കെ, അഞ്ചുവർഷത്തെ വിലക്ക് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും വക്കീൽ അറിയിച്ചു. പാകിസ്താൻ സൂപ്പർ ലീഗിൽ വാതുവെപ്പ് ആരോപണത്തിന് വിധേയനായ താരത്തിനെതിരെ കുറ്റം ചുമത്തി, പി.സി.ബിയുടെ അഴിമതി വിരുദ്ധ വിഭാഗമാണ് വിലക്കേർപ്പെടുത്തിയത്. ഷർജീൽ ഖാനിനുപുറമെ, മുഹമ്മദ് ഇർഫാൻ, ഷഹ്സയ്ബ് ഹസൻ, നാസിർ ജംഷിദ്, മുഹമ്മദ് നവാസ് എന്നിവർക്കെതിരെയും നിലവിൽ അേന്വഷണം നടക്കുന്നുണ്ട്.