തിരുവനന്തപുരം: ‘ലോക്കൽ ബോയ്’ സഞ്ജു സാംസണിന്റെ (48 പന്തില്‍ 91) തകർപ്പനടിയിൽ ദക്ഷിണാഫ്രിക്ക മുങ്ങി. അവസാന ഏകദിന മത്സരത്തില്‍ ഇന്ത്യ എക്ക് 36 റണ്‍സിെൻറ തകര്‍പ്പന്‍ ജയം. നനഞ്ഞ ഔട്ട് ഫീല്‍ഡ് മൂലം 20 ഓവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സഞ്ജുവിെൻറയും ധവാെൻറയും അര്‍ധസെഞ്ച്വറികളുടെ മികവില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്ക എക്ക് 20 ഓവറില്‍ 168 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. സഞ്ജുവാണ് കളിയിലെ താരം.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറില്‍തന്നെ ഓപണര്‍ പ്രശാന്ത് ചോപ്രയെ (രണ്ട്) നഷ്ടമായി. എന്നാല്‍, കഴിഞ്ഞ കളിയിൽ നിന്ന് വ്യത്യസ്തമായി കോച്ച് രാഹുൽ ദ്രാവിഡ് സഞ്ജുവിനെ രണ്ടാമതിറക്കുകയായിരുന്നു. വന്നപാടെ ദക്ഷിണാഫ്രിക്കൻ ബൗളർമാരെ തലങ്ങും വിലങ്ങും സഞ്ജു ആക്രമിക്കാൻ തുടങ്ങിയതോടെ മറുവശത്ത് കാഴ്ചക്കാരെൻറ റോളിലായിരുന്നു ശിഖർ ധവാൻ. 27 പന്തിൽ സഞ്ജു അർധസെഞ്ച്വറി തികച്ചു. സഞ്ജുവും ധവാനും ചേർന്ന് രണ്ടാം വിക്കറ്റിൽ 135 റൺസ് അടിച്ചുകൂട്ടി.
രണ്ട് സിക്സും അഞ്ച് ഫോറിെൻറയും അകമ്പടിയോടെ തെൻറ രണ്ടാം മത്സരത്തിലും അർധസെഞ്ച്വറി നേടിയ ധവാന് പക്ഷേ, കൂടുതൽ മുന്നോട്ടുപോകാനായില്ല. 14ാം ഓവറിൽ ജോർജ് ലിൻഡെയെ ലോങ് ഓഫിലേക്ക് സിക്സർ പറത്താനുള്ള ധവാെൻറ (36 പന്തില്‍ 51) ശ്രമം പാളി. ധവാനെ നഷ്ടമായശേഷവും അടി തുടര്‍ന്ന സഞ്ജു പതിനാറാം ഓവറില്‍ അര്‍ഹിക്കുന്ന സെഞ്ച്വറിക്ക് ഒമ്പത് റണ്‍സകലെ വീണു. ലിൻഡെയുടെ പന്തിൽ എക്സ്ട്ര കവറിൽ ജനിമാൻ മലാൻ പിടികൂടുകയായിരുന്നു. ആറ് ഫോറും ഏഴ് സിക്സറും അടങ്ങുന്നതായിരുന്നു സഞ്ജുവിെൻറ ഇന്നിങ്സ്.
ഇരുവരും പുറത്തായശേഷം ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ (19 പന്തില്‍ 36) കൈവഴക്കമാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്. ശുഭ്മാൻ ഗിൽ (10), ശിവം ദുബെ (പൂജ്യം) എന്നിവർ പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സന്ദർശക നിരയിൽ റീസാ ഹെന്‍ഡ്രിക്സിനും (43 പന്തില്‍ 59), കെയ്ല്‍ വെരിയെന്നക്കും (24 പന്തില്‍ 44) മാത്രമാണ് ഇന്ത്യൻ ബൗളർമാരുടെ മുന്നിൽ പിടിച്ചുനിൽക്കാനായത്. ഹെൻഡ്രിക് ക്ലാസൻ (14), സിംതേമ്പ (16), ജനിമാൻ മലാൻ (16) എന്നിവർ ഒഴികെ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.
ഇന്ത്യക്കായി ഷര്‍ദുല്‍ ഠാക്കൂര്‍ മൂന്നും വാഷിങ്ടണ്‍ സുന്ദര്‍ രണ്ടും വിക്കറ്റെടുത്തു. ഇഷാൻ പോറൽ, തുഷാർ ദേശ്പാണ്ഡെ, രാഹുൽ ചാഹർ, ശിവം ദുബെ എന്നിവർ ഓരോ വിക്കറ്റും നേടി. ജയത്തോടെ അഞ്ച് മത്സര പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി. ഇരുടീമുകളും തമ്മിലുള്ള ആദ്യ ടെസ്റ്റ് തിങ്കളാഴ്ച മുതൽ ഗ്രീൻഫീൽഡിൽ നടക്കും.