ശ്രീലങ്കക്കെതിരായ ഏകദിന ടീമില്‍ സഞ്ജുവിന് സാധ്യത
text_fieldsതിരുവനന്തപുരം: ശ്രീലങ്കക്കെതിരെയുള്ള ഏകദിന, ട്വന്‍റി20 പരമ്പരകള്‍ പടിവാതില്‍ക്കലെത്തി നില്‍ക്കെ ഇന്ത്യന്‍ ടീമിലേക്കൊരു തിരിച്ചുവരവിന് ഒരുങ്ങി നില്‍ക്കുകയാണ് മലയാളി താരം സഞ്ജു വി സാംസണ്‍. രഞ്ജിയില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ സെഞ്ച്വറി നേടിയ താരം ഒമ്പത് ഇന്നിങ്സുകളില്‍ നിന്നും 561 റണ്‍സാണ് ഇതുവരെയായി വാരിക്കൂട്ടിയിട്ടുള്ളത്. ഇതിനിടെ ശ്രീലങ്കക്കെതിരെ ബോര്‍ഡ് പ്രസിഡന്‍റ് ഇലവന്‍റെ നായകനായി പാഡണിഞ്ഞ സഞ്ജു ആ മത്സരത്തിലും ശതകം നേടി. സൌരാഷ്ട്രക്കെതിരെ രണ്ടാം ഇന്നിങ്സിലെ സെഞ്ച്വറി തുടര്‍ച്ചയായ മൂന്നാം മത്സരത്തിലെ ശതകമായിരുന്നു. കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ തീര്‍ത്തും നിറം മങ്ങിയ സഞ്ജു മുന്‍ കേരള പരിശീലകനായിരുന്ന ജയകുമാറുമൊത്ത് ചെന്നൈയില്‍ കഠിന പരിശ്രമത്തിലായിരുന്നു.
69.86 എന്ന മികച്ച സ്ട്രൈക്ക് റേറ്റ് നിലനിര്‍ത്തിയാണ് സീസണിലെ മികച്ച മൂന്നു റണ്‍വേട്ടക്കാരിലൊരാളായി സഞ്ജു സ്ഥാനം കണ്ടെത്തിയിട്ടുള്ളത്. ലങ്കക്കെതിരായ ഏകദിന , ട്വന്‍റി20 പരമ്പരകള്‍ക്കുള്ള ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ സെലക്ടര്‍മാര്‍ക്ക് കണ്ടില്ലെന്ന് നടിക്കാനാവാത്ത സാന്നിധ്യമായി സഞ്ജു വളര്‍ന്നു കഴിഞ്ഞു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി നായകന്‍ വിരാട് കൊഹ്‍ലി ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയേക്കാമെന്നത് സഞ്ജുവിന്‍റെ സാധ്യതകളെ ഇരട്ടിയാക്കുന്നു. രഞ്ജിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത യുവതാരം പൃഥ്‍വി ഷായെയും സഞ്ജുവിനെയും ഇത്തവണ സെലക്ടര്‍മാര്‍ പരിഗണിക്കാനാണ് സാധ്യത. ട്വന്‍റി20യില്‍ ധോണിയുടെ ഭാവി സംബന്ധിച്ച ചോദ്യങ്ങള്‍ ഉയരുന്നുണ്ടെങ്കിലും സഞ്ജു ഒരു ബാറ്റ്സ്മാനായി ടീമിലെത്തിയാല്‍ അത്ഭുതപ്പെടാനില്ല.
വിക്കറ്റ് കീപ്പറെന്ന നിലയിലും ബാറ്റ്സമാന്‍ എന്ന നിലയിലും കഴിഞ്ഞ സീസണില്‍ തിളങ്ങിയ ഡല്‍ഹിയുടെ യുവതാരം റിഷഭ് പന്ത് ഇത്തവണ അല്‍പ്പം നിറം മങ്ങിയത് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനുള്ള സഞ്ജുവിന്‍റെ സ്വപ്നങ്ങള്‍ക്ക് നിറമേകുന്ന ഘടകമാണ്. കളിക്കാരനെന്ന നിലയില്‍ തന്നെ കഴിഞ്ഞ സീസണില്‍ വേട്ടയാടിയ വ്യക്തിഗത പ്രശ്നങ്ങള്‍ മറികടന്ന സഞ്ജുവിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍റെയും മികച്ച പിന്തുണ ലഭിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.