മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കറിനെ ബി.സി.സി.ഐ കമൻററി പാനലിൽ നിന്ന് ഒഴിവാക്കുന്നതാ യി റിപ്പോർട്ട്. മുംബൈ മിററാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇന്ത്യൻ ടീമിെൻറ ഹോം മൽസരങ്ങളിൽ കമൻററി പറയുന്നതിൽ നിന്നാണ് ഒഴിവാക്കുന്നത്.
ദക്ഷിണാഫ്രിക്കക്ക് എതിരായ ഇന്ത്യയുടെ ഏകദിന മൽസരത്തിൽ കമൻററി പറയാൻ മഞ്ജരേക്കർ എത്തിയിരുന്നില്ല. എന്നാൽ, സ്ഥിരം കമേൻററ്റർമാരായ സുനിൽ ഗവാസ്കർ, എൽ.ശിവരാമകൃഷ്ണൻ, മുരളി കാർത്തിക് തുടങ്ങിയവരെല്ലാം എത്തിയിരുന്നു. മൽസരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കുകയായിരുന്നു. അതേസമയം, മഞ്ജരേക്കറിനെ കമൻററി പാനലിൽ നിന്ന് ഒഴിവാക്കാനിടയാക്കിയ കാരണത്തെ കുറിച്ച് വ്യക്തതയില്ല. അദ്ദേഹത്തിെൻറ പ്രകടനത്തിൽ അധികൃതർക്ക് തൃപ്തിയില്ലെന്നാണ് സൂചന.
നേരത്തെ ലോകകപ്പ് ക്രിക്കറ്റിനിടെ സഞ്ജയ് മഞ്ജരേക്കറും രവിന്ദ്ര ജഡേജയും തമ്മിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. കൊൽക്കത്തയിൽ നടന്ന പിങ്ക് ബോൾ ടെസ്റ്റിനിടെ ഹർഷ ബോഗ്ലക്കെതിരെയും മഞ്ജരേക്കർ രംഗത്തെത്തിയിരുന്നു.