ലഖ്നോ: റെക്കോഡുകൾ എന്നും സചിൻ ടെണ്ടുൽകറിെൻറ കൂടപ്പിറപ്പാണ്. കളിയിലും ജീവിതത്തിലും അങ്ങനെതന്നെ. ക്രിക്കറ്റ് മൈതാനങ്ങളിൽ ഒരുപിടി റെക്കോഡുകളുള്ള താരത്തിന് മറ്റൊരു അപൂർവതകൂടിയുണ്ട്. അത് അദ്ദേഹത്തിെൻറ താടിയിലാണ്. ജീവിതത്തിൽ സചിനല്ലാതെ മറ്റാരും ആ താടിയിൽ േബ്ലഡ് വെച്ചിട്ടില്ല. എന്നാൽ, ഇക്കുറി ആ റെക്കോഡ് ക്ലീൻബൗൾഡായി. അതാവെട്ട, രണ്ട് പെൺകുട്ടികൾക്ക് മുന്നിലും.
ലോകമെങ്ങും ആദരിക്കുന്ന താരം ബാർബർഷോപ്പിലെ കറങ്ങും കസേരയിൽ ഇരുന്നപ്പോൾ സ്കൂൾ വിദ്യാർഥിനികളായ നേഹക്കും ജ്യോതിക്കും കൈവിറച്ചില്ല. ക്രീം പുരട്ടി, േബ്ലഡെടുത്ത് ഇതിഹാസതാരത്തിെൻറ താടിവടിച്ചു നീക്കി. പുരുഷന്മാരുടെ മാത്രം തൊഴിലായി കരുതുന്ന ബാർബർ ജോലിയിലേക്ക്, കടന്നുവന്ന ഉത്തർപ്രദേശിലെ ബാലികമാർക്ക് പിന്തുണ നൽകാനെത്തിയതായിരുന്നു മാസ്റ്റർ ബ്ലാസ്റ്റർ.
ബൻവാരി തോല ഗ്രാമത്തിലെ മുടിവെട്ടുകാരനായിരുന്ന അച്ഛൻ രോഗബാധിതനായതോടെ കുടുംബത്തിന് താങ്ങാവാനാണ് സ്കൂൾ വിദ്യാർഥിനികളായ മക്കൾ നേഹയും ജ്യോതിയും കത്രികയും േബ്ലഡും കൈയിലെടുത്തത്. സ്കൂൾ കഴിഞ്ഞായിരുന്നു ജോലി. കടയിലെത്തുന്ന പുരുഷന്മാർക്ക് അപരിചിതത്വം തോന്നാതിരിക്കാൻ ഇരുവരും പുരുഷ വേഷത്തിൽ ജോലിചെയ്തു. ഗ്രാമത്തിൽ ആദ്യമൊക്കെ എതിർപ്പ് നേരിെട്ടങ്കിലും പിന്നീട് സ്വീകാര്യതനേടി. വൈകാതെ ഉത്തർ പ്രദേശ് സർക്കാറിെൻറ സ്ത്രീശാക്തീകരണത്തിെൻറ പോസ്റ്റർ െഎക്കൺ ആയി ഇരുവരും മാറി. രാജ്യാന്തര ബ്രാൻഡായ ‘ഗില്ലറ്റ്’ പരസ്യ മോഡലാക്കി. ഇവരുടെയും ജീവിതമറിഞ്ഞാണ് പിന്തുണയുമായി സചിനെത്തിയത്.
നേഹയും ജ്യോതിയും ഷേവ്ചെയ്യുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച സചിൻ ഇങ്ങനെ കുറിച്ചു: ‘നിങ്ങൾക്ക് ഇത് അറിവില്ലായിരിക്കാം. മറ്റൊരാളെക്കൊണ്ട് ഞാൻ ഷേവ് ചെയ്യിക്കുന്നത് ജീവിതത്തിലെ ആദ്യ അനുഭവമാണ്. ഇതുവരെ തകരാതെ കാത്ത റെക്കോഡ് ഇന്ന് ബാർബർ ഗേൾസ് തകർത്തു.’
ഇരുവർക്കും ഗില്ലറ്റ് ഏർപ്പെടുത്തിയ പഠന സ്കോളർഷിപ് കൈമാറിയാണ് മാസ്റ്റർ ബ്ലാസ്റ്റർ മടങ്ങിയത്.