ന്യൂഡൽഹി: ശ്രീലങ്കൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും നിലവിലെ പെട്രോളിയം മന്ത്രിയുമായ അർജുന രണതുംഗക്കെതിരെ മീ ടു ആരോപണവുമായി യുവതി രംഗത്ത്. മുംബൈയിൽ നിന്നുള്ള വിമാന ജീവനക്കാരിയാണ് രണതുംഗ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തിയത്. ദീർഘമായ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് യുവതിയുടെ ആരോപണം. രണതുംഗ േഹാട്ടലിൽ വെച്ച് കടന്നു പിടിച്ചുവെന്നും ഇക്കാര്യത്തിൽ പരാതിയുമായി ഹോട്ടൽ അധികൃതരെ സമീപിച്ചപ്പോൾ അത് നിങ്ങളുടെ സ്വകാര്യതയാണെന്ന് പറഞ്ഞ് അവർ ഒഴിഞ്ഞ് മാറുകയായിരുന്നുവെന്നും യുവതി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഒാേട്ടാഗ്രാഫ് വാങ്ങുന്നതിനായാണ് താനും സുഹൃത്തും ശ്രീലങ്കൻ താരങ്ങളുടെ മുറിയിലെത്തിയത്. അവിടെ വെച്ച് അവർ ഞങ്ങളെ മദ്യം കഴിക്കാൻ ക്ഷണിച്ചു. ആ സമയത്ത് റൂമിൽ ഏഴ് പേരും ഞങ്ങൾ രണ്ടാളും മാത്രമാണ് ഉണ്ടായിരുന്നത്. കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് കണ്ട് ഉടൻ തന്നെ ഞങ്ങളുടെ റൂമിലേക്ക് പോകാൻ തീരുമാനിച്ചു. ഹോട്ടലിലെ നീന്തൽക്കുളത്തിന് സമീപത്ത് കൂടെയായിരുന്നു ഞങ്ങളുടെ റൂമിലേക്ക് പോകേണ്ടിയിരുന്നത്.
നീന്തൽകുളത്തിന് സമീപത്തുവെച്ച് തന്നെ രണതുംഗ കടന്ന് പിടിക്കുകയും ശരീരഭാഗങ്ങളിൽ സ്പർശിക്കുകയുമായിരുന്നു. അയാളുടെ കാലുകളിൽ ആഞ്ഞ് ചവിട്ടിയും കുത്തിയുമാണ് അന്ന് ഞാൻ രക്ഷപ്പെട്ടത്. ഒരു ഇന്ത്യക്കാരിയോട് വിദേശി മോശമായി പെരുമാറിയാൽ പാസ്പോർട്ട് റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികളിേലക്ക് കേന്ദ്രസർക്കാർ നീങ്ങുമെന്ന കാര്യവും അന്ന് രണതുംഗയോട് പറഞ്ഞിരുന്നു. പിന്നീട് ഇക്കാര്യത്തെ സംബന്ധിച്ച് ഹോട്ടൽ റിസപ്ഷനിലെത്തി പരാതി നൽകിയപ്പോൾ അത് നിങ്ങളുടെ സ്വകാര്യ കാര്യമാണെന്നും ഇടപെടാനാവില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും യുവതി വെളിപ്പെടുത്തുന്നു.
ശ്രീലങ്കയുടെ മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളാണ് അർജുന രണതുംഗ. 1996ൽ ശ്രീലങ്കയെ ലോകകപ്പ് ജയത്തിലേക്ക് നയിച്ചത് രണതുംഗയായിരുന്നു. 93 ടെസ്റ്റുകളിലായി 5105 റൺസും 269 ഏകദിനങ്ങളിലായി 7456 റൺസും രണതുംഗ സ്കോർ ചെയ്തിട്ടുണ്ട്.