ഹൈദരാബാദ്: വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള 14 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്സ്മാനുമായ ഋഷഭ് പന്ത് ടീമിലിടം പിടിച്ചപ്പോൾ മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേശ് കാർത്തികിന് സ്ഥാനം നഷ്ടമായി.
ഇംഗ്ലണ്ട് പര്യടനത്തിൽ ടെസ്റ്റിൽ അരങ്ങേറിയ പന്ത് അവിടെ സെഞ്ച്വറിയും വിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ 92 റൺസും അടിച്ചതോടെ ഏകദിന ടീമിൽ എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. നവംബർ ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന അവസാന കളിയടക്കം ശേഷിക്കുന്ന മൂന്നു മത്സരങ്ങൾക്കുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കും.
ഏഷ്യ കപ്പിലെ വിശ്രമത്തിനുശേഷം തിരിച്ചെത്തിയ വിരാട് കോഹ്ലിതന്നെ ടീമിനെ നയിക്കും. ഇംഗ്ലണ്ട് പര്യടനത്തിനിടെ പരിക്കേറ്റ ഒാൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും ഏഷ്യ കപ്പ് ഫൈനലിനിടെ പരിക്കുപറ്റിയ മധ്യനിര ബാറ്റ്സ്മാൻ കേദാർ ജാദവും ടീമിലില്ല. ഏഷ്യ കപ്പിൽ കളിക്കാൻ അവസരം ലഭിക്കാതിരുന്ന ലോകേഷ് രാഹുലും മനീഷ് പാെണ്ഡയും ടീമിലുണ്ട്. പേസർമാരായ ജസ്പ്രീത് ബുംറക്കും ഭുവനേശവർ കുമാറിനും വിശ്രമം അനുവദിച്ചപ്പോൾ ശാർദുൽ ഠാകൂറും ഖലീൽ അഹ്മദും സ്ഥാനം നിലനിർത്തി. ഒരു വർഷത്തെ ഇടവേളക്കുശേഷമാണ് മുഹമ്മദ് ഷമി ഏകദിന ടീമിലെത്തുന്നത്.
ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ, ശിഖർ ധവാൻ, അമ്പാട്ടി റായുഡു, മനീഷ് പാണ്ഡെ, ലോകേഷ് രാഹുൽ, മഹേന്ദ്ര സിങ് ധോണി, ഋഷഭ് പന്ത്, രവീന്ദ്ര ജദേജ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ഖലീൽ അഹ്മദ്, ശർദുൽ ഠാകൂർ.