ന്യൂഡൽഹി: ബി.സി.സി.ഐ അധ്യക്ഷനായി സൗരവ് ഗാംഗുലിയെ നിയമിച്ചതിൽ പ്രതികരണവുമായി ക്രിക്കറ്റ് ടീം പരിശീലകൻ രവിശാ സ്ത്രി. ബി.സി.സി.ഐ പ്രസിഡൻറായ ഗാംഗുലിയെ അഭിനന്ദിക്കുന്നതായി ശാസ്ത്രി പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ് ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മികച്ചൊരു നേതാവാണ് ഗാംഗുലി. അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് ക്രിക്കറ്റ് ഭരണരംഗത്തേക്ക് അദ്ദേഹം കാലെടുത്ത് വെക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ചില പ്രതിസന്ധികളെ നേരിടുകയാണ്. അതെല്ലാം പരിഹരിച്ച് പഴയ പ്രതാപത്തിലേക്ക് ബോർഡിനെ എത്തിക്കാൻ ഗാംഗുലിക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്നും ശാസ്ത്രി പറഞ്ഞു. ഗാംഗുലിയുടെ ക്യാപ്റ്റൻസിയേയും ശാസ്ത്രി പുകഴ്ത്തി.
ഗാംഗുലി ബോർഡ് പ്രസിഡൻറായതോടെ ശാസ്ത്രിയുടെ തൊപ്പി തെറിക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. അനിൽ കുംബ്ലെയെ മാറ്റി ശാസ്ത്രി പരിശീലകനാക്കുന്നതിനോട് ഗാംഗുലിക്ക് യോജിപ്പുണ്ടായിരുന്നില്ല.