തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ തുടർച്ചയായ പരാജയങ്ങളിലൂടെ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന കേരള ക്രിക്കറ്റ് ടീമിെൻറ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും സച്ചിൻ ബേബിയെ മാറ് റി. ആന്ധ്രക്കെതിരായ അടുത്ത മത്സരത്തിൽ ഓൾറൗണ്ടർ ജലജ് സക്സേന ടീമിനെ നയിക്കും. കഴിഞ്ഞ സീസണിൽ ചരിത്രത്തിൽ ആദ്യമായി കേരളത്തെ സെമിഫൈനലിൽ എത്തിച്ച ക്യാപ്റ്റനാണ് സച്ചിൻ ബേ ബി. അന്ന് ജലജ് സക്സേനയുടെ ഓൾറൗണ്ട് പ്രകടനമായിരുന്നു തുണച്ചത്.
ഇൗ സീസണിൽ വമ്പൻ തോൽവികളാണ് കേരളം നേരിടുന്നത്. ആറ് മത്സരങ്ങളിൽ നാലിലും നാണംകെട്ട തോൽവി ഏറ്റുവാങ്ങി. ഒടുവിൽ രാജസ്ഥാനെതിരെ ഒന്നര ദിവസത്തിനുള്ളിൽ തന്നെ പരാജയം സമ്മതിച്ചു.
സ്വന്തം തട്ടകത്തിൽ ദയനീയമായി പരാജയപ്പെട്ടതിനെ തുടർന്നാണ് സെലക്ഷൻ കമ്മിറ്റി പുതിയ പരീക്ഷണത്തിന് തയാറായത്. ക്യാപ്റ്റൻ സ്ഥാനം സച്ചിൻ ബേബിയുടെ കളിയെ ബാധിച്ചതായും അവർ വിലയിരുത്തുന്നു. ആ സാഹചര്യത്തിലാണ് ഒാൾറൗണ്ടറായ ജലജ് സക്സേനയെ കടിഞ്ഞാൺ ഏൽപിക്കുന്നത്. ഓൻഗോളിൽ ജനുവരി 27 മുതൽ 30 വരെ ആന്ധ്രക്കെതിരെയാണ് അടുത്ത മത്സരം.
കഴിഞ്ഞ മത്സരങ്ങളിലുണ്ടായിരുന്ന സിജോമോൻ ജോസഫ്, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവർ ആന്ധ്രക്കെതിരായ ടീമിലില്ല. പരിക്കുകാരണം കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന റോബിൻ ഉത്തപ്പയും ബേസിൽ തമ്പിയും ടീമിൽ മടങ്ങിയെത്തി. ഇനിയുള്ള മത്സരങ്ങളിൽ മികച്ച കളി പുറത്തെടുത്തില്ലെങ്കിൽ എലൈറ്റ് എ-ബി ഗ്രൂപ്പിൽനിന്ന് കേരളം സി-ഡി ഗ്രൂപ്പിലേക്ക് തരംതാഴ്ത്തപ്പെടാനുള്ള സാധ്യതയാണുള്ളത്.
ശേഷിക്കുന്ന മത്സരങ്ങൾ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ആന്ധ്രയോടും നാലാം സ്ഥാനത്തുള്ള വിദർഭയോടുമാണ്. രണ്ട് മത്സരങ്ങളും ആ ടീമുകളുടെ തട്ടകങ്ങളിലുമാണ്.