രഞ്ജി ട്രോഫി: പുജാര 131* സൗരാഷ്ട്ര x വിദർഭ ഫൈനൽ
text_fieldsബംഗളൂരു: കേരളം- വിദർഭ ഒന്നാം സെമി ഒന്നര ദിവസംകൊണ്ട് അവസാനിച്ചപ്പോൾ രണ്ടാംസെമി യിൽ അഞ്ചുദിവസത്തെ വീറുറ്റ പോരാട്ടത്തിനൊടുവിൽ സൗരാഷ്ട്രക്ക് ജയം. കർണാടകയെ അ ഞ്ചു വിക്കറ്റിന് തോൽപിച്ച സൗരാഷ്ട്ര കിരീടപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ വിദർഭയെ നേരിടും. കേരളത്തെ ഇന്നിങ്സിനും 11 റൺസിനും തോൽപിച്ചാണ് വിദർഭ ഫൈനലിലെത്തിയത്.
ഒന്നാം ഇന്നിങ്സിൽ കർണാടകക്കെതിരെ 39 റൺസ് ലീഡ് വഴങ്ങിയ സൗരാഷ്ട്ര രണ്ടാം ഇന്നിങ്സിലാണ് കളിയിൽ തിരിച്ചെത്തിയത്. 239 റൺസു കൂടി നേടി ആതിഥേയർ സമ്മാനിച്ച 278 റൺസ് എന്ന ലക്ഷ്യത്തിനു മുന്നിൽ തുടക്കം തന്നെ പതറി. മൂന്നിന് 23 എന്ന നിലയിൽ തകർന്നവരെ ഇന്ത്യയുടെ വിശ്വസ്ത വന്മതിൽ ചേതേശ്വർ പുജാര കരകയറ്റി.
ഷെൽഡൻ ജാക്സനൊപ്പം (100) പിടിച്ചുനിന്ന പുജാര പുറത്താവാതെ (266 പന്തിൽ 131റൺസ്) ടീമിനെ ജയത്തിലേക്ക് നയിച്ചു. സ്കോർ: കർണാടക 275, 239. സൗരാഷ്ട്ര 236, 279/5. ഫെബ്രുവരി മൂന്നിനാണ് കലാശപ്പോരാട്ടം.
