ചെന്നൈ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സ്വന്തം തട്ടകത്തിൽ മധ്യപ്രദേശിനോട് അപ്രതീക്ഷിതമായി ഏറ്റുവാങ്ങിയ തോൽവി മറക്കാൻ കേരള ടീം ഇന്നിറങ്ങും. മുൻ ചാമ്പ്യന്മാരായ തമിഴ്നാടാണ് എതിരാളി. എലൈറ്റ് ഗ്രൂപ് ‘ബി’യിൽ രണ്ടു ജയങ്ങളുള്ള കേരളം തന്നെയാണ് ഒന്നാമത്. നാലു മത്സരങ്ങളിൽ രണ്ടു ജയവും ഒരു തോൽവിയും ഒരു സമനിലയുമുള്ള കേരളത്തിന് 13 പോയൻറാണുള്ളത്.
രണ്ടുതവണ ചാമ്പ്യന്മാരും 12 തവണ ഫൈനലിസ്റ്റുകളുമാണെങ്കിലും തമിഴ്നാട് ഇത്തവണ ഒരു കളിയിൽപോലും ജയിച്ചിട്ടില്ല. മൂന്നു സമനിലയും ഒരു തോൽവിയുമുള്ളവർ അഞ്ചു പോയൻറുമായി ആറാം സ്ഥാനത്താണ്. ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിൽ രാവിലെ 9.30നാണ് മത്സരം.
മഴ കളിച്ച ആദ്യ മത്സരത്തിൽ ഹൈദരാബാദിനോട് സമനിലയിലായ കേരളം, ആന്ധ്രയെയും ബംഗാളിനെയും വമ്പൻ സ്കോറിന് വീഴ്ത്തി. മധ്യപ്രദേശിനോട് തോൽവി വഴങ്ങി.