രഞ്ജി ട്രോഫി ഫൈനല്‍: ഗുജറാത്തിന് ലീഡ് 

23:01 PM
11/01/2017
മുംബൈക്കെതിരെ ഗുജറാത്ത് ക്യാപ്റ്റന്‍ പാര്‍ഥിവ് പട്ടേലിന്‍െറ ബാറ്റിങ്ങ്

ഇന്ദോര്‍: നായകന്‍ പാര്‍ഥിവ് പട്ടേല്‍ മുന്നില്‍നിന്ന് നയിച്ചപ്പോള്‍ രഞ്ജി ട്രോഫി ഫൈനലില്‍ ശക്തരായ മുംബൈക്കെതിരെ ഗുജറാത്തിന് ആദ്യ ഇന്നിങ്സില്‍ ലീഡ്. രണ്ടാം ദിനം കളിയവസാനിച്ചപ്പോള്‍ 63 റണ്‍സിന്‍െറ ലീഡ് നേടി നിലയുറപ്പിച്ച ഗുജറാത്ത് ആറു വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ് എടുത്തിട്ടുണ്ട്. ചിരഗ് ഗാന്ധിയും(17) റുഷ് കലേരിയയുമാണ് (16) ക്രീസില്‍. ആദ്യത്തില്‍ തകര്‍ന്നുതുടങ്ങിയ ടീമിനെ 90 റണ്‍സെടുത്ത് പാര്‍ഥീവ് പട്ടേല്‍, ക്യാപ്റ്റന്‍െറ റോള്‍ ഉത്തരവാദിത്തത്തോടെ നിര്‍വഹിച്ച് രക്ഷകവേഷമണിയുകയായിരുന്നു. ഓപണര്‍മാരായ സമിത് ഗോഹലും (4) പ്രിയങ്ക് പാഞ്ചലും (6) എളുപ്പം പുറത്തായതോടെ ഗുജറാത്ത് പരുങ്ങലിലായി. പിന്നീട് ഭാര്‍ഗവ് മേരയും പാര്‍ഥിവും പ്രതിരോധിച്ചു നിന്നു. ഒടുവില്‍ 45 റണ്‍സെടുത്തു നല്‍കവെ ഭാര്‍ഗവിനെ അഭിഷേക് നായര്‍ പുറത്താക്കിയതോടെ ഗുജറാത്ത് വീണ്ടും പരുങ്ങലിലായി. 

എന്നാല്‍, പിന്നീടിറങ്ങിയ മന്‍പ്രീത് ജുനേജയെയും കൂട്ടുപിടിച്ച് പട്ടേല്‍ സ്കോര്‍ ഉയര്‍ത്തി. ഇരുവരും നാലാം വിക്കറ്റില്‍ നേടിയത് 120 റണ്‍സ്. അഭിഷേക് നായരുടെ പന്തിലാണ് പട്ടേല്‍ സെഞ്ച്വറിക്കരികെ പുറത്താവുന്നത്. അധികം നീളാതെ ശര്‍ദുല്‍ ഠാകുര്‍ ജുനേജ(77)യെയും പുറത്താക്കി. പിറകെവന്ന റുജുല്‍ ഭട്ടിനും(25) കാര്യമായി പിടിച്ചുനില്‍ക്കാനായില്ല. മുംബൈക്കായി അഭിഷേക് നായര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.ലീഡ് വര്‍ധിപ്പിച്ച് മുംബൈയെ സമ്മര്‍ദത്തിലാക്കാന്‍ തന്നെയായിരിക്കും ഗുജറാത്തിന്‍െറ നീക്കം. മുംബൈ ആദ്യ ഇന്നിങ്സില്‍ 228 റണ്‍സിന് പുറത്തായിരുന്നു. കൗമാരതാരം പൃഥ്വി ഷായുടെയും(77) സൂര്യകുമാര്‍ യാദവിന്‍െറയും(57) ബാറ്റിങ്ങാണ് മുംബൈയെ ആദ്യ ഇന്നിങ്ങ്സിലെ വന്‍തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്.

COMMENTS