മിതാലിയെ ഒഴിവാക്കിയത് ഉന്നതൻെറ ആവശ്യപ്രകാരം; രമേശ് പവാർ പുറത്തേക്ക്
text_fieldsമുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിനെ നിർണായക മത്സരത്തിൽ കളിപ്പിക്കാതെ പുലിവാല് പിടിച്ച ടീം കോച്ച് രമേശ് പവാറിൻെറ സ്ഥാനം തെറിക്കാൻ സാധ്യത. ഇന്നാണ് അദ്ദേഹത്തിൻെറ പരിശീലക കരാർ അവസാനിക്കുന്നത്.
പുതിയ പശ്ചാത്തലത്തിൽ ബി.സി.സി.ഐ കരാർ നീട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. മികച്ച ഫോമിലായിരുന്നിട്ടും സീനിയർ താരമായ മിതാലിയെ ട്വൻറി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മത്സരത്തിൽ കളത്തിലിറക്കിയിരുന്നില്ല. ഇതിന് കൃത്യമായ വിശദീകരണം നൽകാൻ പവാറിനായിട്ടില്ല.
എന്നാൽ ബി.സി.സി.ഐയിലെ ഒരു ഉന്നതൻ ആവശ്യപ്പെട്ടതനുസരിച്ചാണ് മിതാലിയെ കളിപ്പിക്കാതിരുന്നതെന്ന് പവാർ അധികൃതരോട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പരിശീലകനെന്ന നിലയിൽ മിതാലിയെ പുറത്തിരുത്തുന്നതിൽ പവാർ ജാഗ്രത കാണിച്ചില്ലെന്ന ആരോപണം ശക്തമാണ്. സാമൂഹിക മാധ്യമങ്ങളിൽ പവാറിനെതിരെ രോഷം ശക്തമാകുന്നുണ്ട്.
ടീമിലെ പ്രശ്നക്കാരിയാണ് മിതാലിയെന്ന് കുറ്റപ്പെടുത്തി രമേശ് പവാർ റിപ്പോർട്ട് നൽകിയിരുന്നു. ഒാപണിങ് ബാറ്റ്സ്മാനായി ഇറക്കിയില്ലെങ്കിൽ ലോകകപ്പിനിടെ രാജി വെക്കുമെന്ന് മിതാലി ഭീഷണിപ്പെടുത്തിയിരുന്നതായി റിപ്പോർട്ടിൽ പവാർ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ, 20 വർഷമായി രാജ്യത്തിനു വേണ്ടി കളിക്കുന്ന തെൻറ സമർപ്പണമാണ് ചോദ്യം ചെയ്യപ്പെടുന്നതെന്ന് മിതാലി മറുപടി പറഞ്ഞിരുന്നു.
