മുംബൈ: അണ്ടർ 19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് നൽകിയ സമ്മാന തുകയിലെ വിവേചനത്തിനെതിരെ അണ്ടർ 19 ടീം കോച്ച് രാഹുൽ ദ്രാവിഡ്. രാഹുൽ ദ്രാവിഡിന് 50 ലക്ഷവും സപ്പോർട്ട് സ്റ്റാഫിന് 20 ലക്ഷം വീതവും ടീമംഗങ്ങൾക്ക് 30 ലക്ഷം വീതവുമാണ് ബി.സി.സി.ഐ സമ്മാനം പ്രഖ്യാപിച്ചത്. സുപ്രീം കോടതി നിയമിച്ച ബി.സി.സി.ഐ ഭരണസമിതിയാണ് സമ്മാനം പ്രഖ്യാപിച്ചത്.
തന്റെ സപ്പോർട്ടിങ് സ്റ്റാഫിന് അനുവദിച്ച തുകയും തനിക്ക് അനുവദിച്ച തുകയും തമ്മിലെ വ്യത്യാസമാണ് ദ്രാവിഡിനെ പ്രകോപിപ്പിച്ചത്. സപ്പോർട്ട് സ്റ്റാഫും ടീമിനൊപ്പം ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഫലമാണ് ഇന്ത്യക്ക് അണ്ടർ 19 ലോകകപ്പ് കിരീടം നേടാനായതെന്നും അവരുടെ തുക വർധിപ്പിക്കണമെന്നും ദ്രാവിഡ് ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കാര്യം ബി.സി.സി.ഐയെ നേരിട്ടറിയിച്ച ദ്രാവിഡ് എല്ലാ സപ്പോർട്ട് സ്റ്റാഫിനുമുളള സമ്മാനത്തുക വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ടീമിൻറെ ലോകകപ്പ് ജയത്തിൽ എല്ലാവർക്കും തുല്യ പങ്കാണുള്ളതെന്നും അതിനാൽ സപ്പോർട്ടിങ് സ്റ്റാഫിന് തുക കുറച്ച് നൽകിയത് ശരിയായില്ലെന്നുമാണ് ദ്രാവിഡിൻറെ പക്ഷം.
ബോളിങ് കോച്ച് പരസ് മാംബ്രേ, ഫീൽഡിങ് പരിശീലകൻ അഭയ് ശർമ, ഫിസിയോ തെറാപ്പിസ്റ്റ് യോഗേഷ് പർമാർ, ട്രെയിനർ ആനന്ദ് ദേത്, മസ്വീർ മങ്കേഷ് ഗെയ്ക്വാദ്, വീഡിയോ അനലിസ്റ്റ് ദേവാജ് റൗത്ത് എന്നിവർക്കാണ് ക്രിക്കറ്റ് ബോർഡ് 20 ലക്ഷം വീതം പ്രഖ്യാപിച്ചത്.